ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യയുടെ ഡ്രസിങ് റൂം രഹസ്യങ്ങള്‍ ചോര്‍ന്നതായിരുന്നു കുറച്ച് ദിവസങ്ങളായി ഇന്ത്യൻ ക്രിക്കറ്റിന് മേലുള്ള പ്രധാന ചർച്ച. ഒടുവിൽ ടീമിലെ വിവരങ്ങള്‍ പുറത്തുവിട്ടത് യുവതാരം സര്‍ഫറാസ് ഖാനാണ് എന്നാരോപിച്ച് കോച്ച് ഗൗതം ഗംഭീര്‍ രംഗത്തെത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അതിനു ശേഷം ചോർത്തിയത് സര്‍ഫറാസല്ല, മറിച്ച് ഗൗതം ഗംഭീറിന്റെ വിശ്വസ്തനും ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ചുമായ അഭിഷേക് നായരാണ് എന്ന മറു ആരോപണവും ഉയർന്നു. ഈ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നടന്ന പുതിയ സംഭവവികാസങ്ങൾ.
അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്ന് ബിസിസിഐ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് പരിശീലകനായി സിതാൻഷു കൊട്ടകിനെ നിയമിച്ചത്. സാധാരണ നീണ്ട ചർച്ചകളും ദിവസങ്ങൾ നീണ്ട ഊഹാപോഹങ്ങളും ഉണ്ടാവാറുള്ള തീരുമാനങ്ങൾ ഇത്തവണ മണിക്കൂറിനുള്ളിൽ ഫൈനലായി. ഇതോടെ ഈ നിയമനം ഡ്രസ്സിങ് റൂമിലെ വിവാദവുമായാണ് ആരാധകർ കൂട്ടിക്കെട്ടുന്നത്.
നിലവില്‍ ഗംഭീറിന് കീഴില്‍ സഹപരിശീലകനും ബാറ്റിങ് പരിശീലകനുമായ അഭിഷേക് നായർക്ക് പുറമെയാണ് കൊട്ടകിന്റെ നിയമനം എന്നതും ഇതിന് കാരണമായി ആരാധകർ ചൂണ്ടിക്കാട്ടുന്നു .നിലവിൽ ഗംഭീറിനൊപ്പം സഹ പരിശീലകരായ അഭിഷേക് നായര്‍, റിയാന്‍ ടെന്‍ ഡെസ്കാത്തെ, മോണി മോർക്കൽ എന്നിവരുടെ പ്രകടനവും ബിസിസിഐ നിരീക്ഷിച്ചുവരികയായെന്നും സ്‌ക്വാഡിനൊപ്പം ഇവരുണ്ടാകുമോ എന്ന കാര്യം ചാമ്പ്യൻസ് ട്രോഫിയോടെ തീരുമാനത്തിലെത്തുമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചിരുന്നു.
'അഭിഷേകിന്റെ ഉപദേശങ്ങള്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ കാര്യമായ പ്രകടനത്തിനു സഹായിക്കുന്നില്ല. കൊട്ടക് സ്‌പെഷലിസ്റ്റ് ബാറ്റിങ് കോച്ചാണ്. ദീര്‍ഘ നാളത്തെ പരിചയവും താരങ്ങളെ അടുത്തറിയാമെന്ന മുന്‍തൂക്കവും അദ്ദേഹത്തിനുണ്ട്', ഒരു ബിസിസിഐ വക്താവ് പുതിയ നിയമനം സംബന്ധിച്ചു വ്യക്തമാക്കിയത് ഇങ്ങനെ. അഭിഷേക് നായർ തുടരുമോ എന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ ടീമുമായുള്ള സംഭാവന നിരീക്ഷിച്ചുവരികയായെന്നും ബിസിസിഐ വക്താവ് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകള്‍.
Content Highlights: new twist in dressing room controversy