ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ തുടർന്നേക്കുമെന്ന് റിപ്പോർട്ട്. നാളെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യസിലക്ടർ അജിത് അഗാർക്കർ പത്രസമ്മേളനത്തിൽ ചാംപ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കും. രോഹിത് ശർമയ്ക്കൊപ്പമാണ് അഗാർക്കർ മാധ്യമങ്ങളെ കാണുകയെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ജനുവരി ആദ്യം അവസാനിച്ച ബോർഡർ-ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ നിന്നും രോഹിത് ശർമയെ ഒഴിവാക്കിയിരുന്നു. സമീപകാലത്തെ മോശം പ്രകടനത്തെ തുടർന്നാണ് രോഹിത് ശർമയെ ടീമിൽ നിന്നൊഴിവാക്കിയത്. ഇത് താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലായി വിലയിരുത്തിയിരുന്നു. എന്നാൽ വിരമിക്കൽ റിപ്പോർട്ടുകൾ നിഷേധിച്ച് രോഹിത് തന്നെ രംഗത്തെത്തിയിരുന്നു.
അടുത്ത മാസം ആറ് മുതലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. പിന്നാലെ ഫെബ്രുവരി 19ന് ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമാകും. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ന്യൂസിലാൻഡും പാകിസ്താനുമാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ മറ്റ് എതിരാളികൾ.
Content Highlights: Rohit Sharma keeps his spot as captain for England ODIs and Champions Trophy