രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി കളിക്കുമോ എന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുന്നു. കഴുത്തുവേദനയെ തുടര്‍ന്ന് കോഹ്‌ലി ഇഞ്ചക്ഷന്‍ എടുത്തിരിക്കുകയാണെന്നും വിശ്രമത്തിലാണെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ സൗരാഷ്ട്രയ്‌ക്കെതിരെ ജനുവരി 23 മുതല്‍ രാജ്‌കോട്ടില്‍ നടക്കുന്ന ഡല്‍ഹിയുടെ രഞ്ജി മത്സരങ്ങള്‍ കോഹ്‌ലിക്ക് നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
🚨 VIRAT KOHLI GEARING UP. 🚨
— Mufaddal Vohra (@mufaddal_vohra) January 17, 2025
- Kohli had a neck sprain, and took an injection. However it is possible he'll train with the Delhi Ranji squad in Rajkot on 21st-22nd Jan. (Sahil Malhotra/TOI). pic.twitter.com/z31ANejUmG
'വിരാട് കോഹ്‌ലിയുടെ കഴുത്ത് ഉളുക്കിയിരിക്കുകയാണ്. അതിന് വേണ്ടി ഒരു കുത്തിവെപ്പും എടുത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ രഞ്ജി ട്രോഫിയില്‍ അവശേഷിക്കുന്ന ഡല്‍ഹിയുടെ രണ്ട് മത്സരങ്ങളില്‍ ഒന്നാമത്തേത് കോഹ്‌ലിക്ക് നഷ്ടപ്പെടാനാണ് സാധ്യത. ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) സെലക്ടര്‍മാര്‍ ഒരു അപ്‌ഡേറ്റ് നല്‍കിയാല്‍ കോഹ്‌ലിയുടെ ലഭ്യതയെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് കരുതുന്നത്', ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
12 വര്‍ഷങ്ങള്‍ക്കുശേഷം കോഹ്‌ലി രഞ്ജി ട്രോഫി ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയായിരുന്നു. ഇന്ത്യയുടെ സീനിയർ ക്രിക്കറ്റ് താരങ്ങളിൽ മിക്കവരും അവരവരുടെ സംസ്ഥാന ടീമുകൾക്കു വേണ്ടി രഞ്ജി ട്രോഫി കളിക്കാൻ സന്നദ്ധത അറിയിച്ചിട്ടും വിരാട് കോഹ്‌ലി നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഡൽഹിയുടെ സാധ്യതാ ടീമിൽ ഉൾപ്പെട്ടിട്ടും സൗരാഷ്ട്രക്കെതിരെ ആരംഭിക്കുന്ന മത്സരത്തിൽ കോഹ്‌ലി പങ്കെടുക്കുമോ ഇല്ലയോ എന്നു വെളിപ്പെടുത്തുകയോ പരിശീലനത്തിൽ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. ഇപ്പോൾ കഴുത്തുവേദനയെ തുടർന്ന് താരത്തിന്റെ ലഭ്യതയും തുലാസിലായിരിക്കുകയാണ്.
രഞ്ജിക്കുള്ള സ്‌ക്വാഡിനെ ഡിഡിസിഎ വെള്ളിയാഴ്ച പ്രഖ്യാപിക്കും. കോഹ്‌ലി കളിക്കുമോ ഇല്ലയോ എന്ന കാര്യം ഇന്നറിയാം. അതേസമയം ടൂര്‍ണമെന്റില്‍ കളിച്ചില്ലെങ്കിലും ജനുവരി 21,22 തീയതികളില്‍ കോഹ്‌ലി ഡല്‍ഹി ടീമിനൊപ്പം പരിശീലത്തിനിറങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Virat Kohli Likely To Miss Delhi's Ranji Trophy Match Against Saurashtra Due To Neck Sprain: Report