രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കെതിരായ മത്സരത്തിനുള്ള ഡൽഹി ടീമിൽ റിഷഭ് പന്തിനെയും വിരാട് കോഹ്‍ലിയെയും ഉൾപ്പെടുത്തി. 22 അംഗ ടീമിലാണ് ഇരുവരും ഇടംപിടിച്ചിരിക്കുന്നത്. എങ്കിലും മത്സരത്തിൽ കോഹ്‍ലി കളിക്കുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. അതിനിടെ ഡൽഹി ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വേണ്ടെന്ന് റിഷഭ് പന്ത് അറിയിച്ചു.
തുടർച്ചയായി ഡൽഹി നിരയിൽ കളിക്കാൻ കഴിയില്ലെന്നതാണ് റിഷഭ് ക്യാപ്റ്റൻ സ്ഥാനം നിരാകരിക്കാൻ കാരണം. ടീമിൽ സ്ഥിരമായുള്ള ഒരാൾ തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരുന്നതാണ് നല്ലത്. ഇതോടെ ആയുഷ് ബദോനി ഡൽഹി ക്രിക്കറ്റ് ടീം നായകനായി തുടരും. ബദോനിക്ക് കീഴിൽ കളിക്കാൻ സന്തോഷമാണുള്ളതെന്ന് റിഷഭ് പന്ത് അറിയിച്ചതായി ഡൽഹി ക്രിക്കറ്റ് വൃത്തങ്ങൾ വ്യക്തമാക്കി.
ജനുവരി 23നാണ് രഞ്ജി ട്രോഫിയിൽ ഡൽഹിയും സൗരാഷ്ട്രയും തമ്മിലുള്ള മത്സരം നടക്കുന്നത്. 2012ന് ശേഷം ഇതാദ്യമായാണ് വിരാട് കോഹ്‍ലി രഞ്ജി ട്രോഫിയിൽ ഡൽഹി ക്രിക്കറ്റ് ടീമിനായി കളിക്കാനൊരുങ്ങുന്നത്.
Content Highlights: Virat Kohli To Play Ranji Trophy, Pant says no to captaincy