വനിതാ ആഷസ് ഏകദിന പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ. മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ 86 റണ്‍സിനാണ് ഓസീസ് വനിതകള്‍ പരാജയപ്പെടുത്തിയത്. ഇതോടെ പരമ്പര 3-0ത്തിന് ഓസ്‌ട്രേലിയ സ്വന്തമാക്കി.
A dominant win for Australia to take the ODIs 3-0 #Ashes pic.twitter.com/4PoMPFGhBG
— cricket.com.au (@cricketcomau) January 17, 2025
ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തു. ആഷ്‌ലി ഗാര്‍ഡ്‌നെറുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. റണ്‍മല താണ്ടാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് വനിതകള്‍ 42.2 ഓവറില്‍ 222 റണ്‍സെടുത്ത് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അലന കിങ്ങാണ് ഇംഗ്ലീഷ് വനിതകളുടെ നട്ടെല്ലൊടിച്ചത്.
ഓസീസ് ബാറ്റിങ്ങിന്റെ നിര്‍ണായകഘട്ടത്തിലായിരുന്നു ഗാര്‍ഡ്‌നറുടെ സെഞ്ച്വറി പ്രകടനം. ആറാമതായി ക്രീസിലെത്തിയ ഗാര്‍ഡ്‌നര്‍ 102 പന്തില്‍ ഒരു സിക്‌സും എട്ട് ബൗണ്ടറിയും സഹിതം 102 റണ്‍സെടുത്ത് പുറത്തായി. ബെത്ത് മൂണിയും (50) തഹ്‌ലിയ മക്ഗ്രാത്തും (55) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി നാറ്റ് സീവര്‍- ബ്രണ്ട് (61), ടാമി ബ്യുമോണ്ട് (54) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ഡാനി വ്യാറ്റ് (35), ആമി ജോണ്‍സ് (30) എന്നിവരും പൊരുതി നോക്കിയെങ്കിലും ജയത്തിലേക്ക് എത്തിക്കാന്‍ മതിയായില്ല. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി അലന കിംഗ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മെഗാന്‍ ഷുറ്റ് മൂന്നും ജോര്‍ജിയ വരേഹാം രണ്ടും വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
Content Highlights: Women's Ashes: Gardner, King shine as Australia sweep England in ODIs