സഞ്ജുവും കരുണും ടീമിലെത്തുമോ? ചാമ്പ്യന്‍സ് ട്രോഫിയില്‍ മലയാളി സര്‍പ്രൈസുകളെ ഇന്നറിയാം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കായി നേരത്തെ പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചുകഴിഞ്ഞു

dot image

2025ലെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ രണ്ട് മലയാളി താരങ്ങളുടെ സാന്നിധ്യമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍, പാതി മലയാളിയും വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും ഫോമില്‍ ബാറ്റുവീശുകയും ചെയ്യുന്ന കരുണ്‍ നായര്‍ എന്നിവരാണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കാത്തിരിക്കുന്ന രണ്ട് താരങ്ങള്‍.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കായി നേരത്തെ പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചുകഴിഞ്ഞു. അതേസമയം ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ് വളരെ നേര്‍ത്ത സാധ്യതയാണുള്ളത്. വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തില്‍ കെ എല്‍ രാഹുലും റിഷഭ് പന്തും മുന്‍നിരയിലുള്ളപ്പോള്‍ സഞ്ജുവിന്റെ കാര്യത്തില്‍ വലിയ വെല്ലുവിളിയാകും. രണ്ടാം കീപ്പറായി സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയരുമ്പോഴും ബിസിസിഐ പ്രതീക്ഷ നല്‍കുന്നില്ല.

അതേസമയം വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാത്ത സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ പരിഗണിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കണമെന്ന നിയമം സീനിയര്‍ താരങ്ങള്‍ക്ക് വരെ കര്‍ശനമാക്കിയ സാഹചര്യത്തില്‍ വിജയ് ഹസാരെയില്‍ കേരളത്തെ പ്രതിനിധീകരിക്കാതെ വിട്ടുനിന്നതാണ് സഞ്ജുവിന് തിരിച്ചടിയായത്.

2023 ഡിസംബറിലാണ് സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി അവസാനം ഏകദിന മത്സരം കളിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ അന്ന് സെഞ്ച്വറി നേടിയാണ് സഞ്ജു മടങ്ങിയത്. വണ്‍ഡൗണായി ഇറങ്ങിയ സഞ്ജു 114 പന്തില്‍ 108 റണ്‍സെടുത്തു. പിന്നീട് ഏകദിന ടീമിലേക്ക് സഞ്ജുവിന് വിളിയെത്തിയിരുന്നില്ല.

അതേസമയം വിജയ് ഹസാരെ ട്രോഫിയില്‍ വെടിക്കെട്ട് പ്രകടനമാണ് കരുണ്‍ നായര്‍ പുറത്തെടുക്കുന്നത്. വിദര്‍ഭയ്ക്കുവേണ്ടി ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് സെഞ്ച്വറിയടക്കം 752 റണ്‍സാണ് താരം ഇതുവരെ നേടിയത്. നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവാണ് കരുണ്‍ പ്രതീക്ഷിക്കുന്നെങ്കിലും താരത്തിനും സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കരുണിനെ ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ കളിപ്പിക്കാന്‍ സാധ്യതയുണ്ട്.

Content Highlights: India's Champions Trophy squad: Sanju Samson and Karun Nair ​likely to miss out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us