ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. പേസർ മുഹമ്മദ് സിറാജിന് പകരമായി അർഷ്ദീപ് സിങ് ആണ് ഇന്ത്യൻ ടീമിലേക്കെത്തിയിരിക്കുന്നത്. ഈ തീരുമാനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ.
ബുംമ്ര കളിക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല, ഈ സാഹചര്യത്തിൽ ഇന്നിംഗ്സിന്റെ ആദ്യാവസാനം പന്തെറിയാൻ കഴിയുന്ന ഒരു താരത്തെയാണ് വേണ്ടത്. ന്യൂബോളിലെ മികവ് അവസാന ഓവറുകളിൽ നിലനിർത്താൻ സിറാജിന് കഴിയാറില്ല. ഓൾറൗണ്ടർമാർ കൂടുതൽ ഉള്ളതിനാൽ മൂന്ന് പേസർമാരെ മാത്രമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും രോഹിത് ശർമ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറും താനുമായുള്ള ബന്ധം മോശമെന്ന ആരോപണങ്ങളിലും രോഹിത് പ്രതികരിച്ചു. ക്യാപ്റ്റനെന്ന നിലയിൽ തന്റെ തീരുമാനങ്ങളെ ഗംഭീർ അംഗീകരിക്കുന്നു. അത് താനും ഗംഭീറും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ തെളിവാണ്. രോഹിത് ശർമ വ്യക്തമാക്കി.
ചാംപ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ‍്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.
Content Highlights: Rohit Sharma explains why Arshdeep over Siraj in CT2025