ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. റിപ്പോർട്ടറിനോടാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജിന്റെ പ്രതികരണം. ഇഷ്ടമുള്ള സമയത്ത് വന്ന് കേരള ക്രിക്കറ്റ് ടീമിൽ കളിക്കാൻ കഴിയില്ല. വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള 30 അംഗ ക്യാമ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോൾ സഞ്ജുവും ടീമിലുണ്ടായിരുന്നു. സഞ്ജു ടീമിനെ നയിക്കുമെന്നായിരുന്നു കെ സി എയുടെ വിശ്വാസം. പക്ഷേ സഞ്ജു ക്യാമ്പിൽ പങ്കെടുത്തില്ല. കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിക്ക് താൻ വിജയ് ഹസാരെ ട്രോഫി ക്യാമ്പിൽ പങ്കെടുക്കില്ല എന്ന ഒറ്റവരി സന്ദേശം മാത്രമാണ് സഞ്ജു അയച്ചത്. ക്യാമ്പിൽ പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കിയില്ല. ജയേഷ് ജോർജ് റിപ്പോർട്ടറിനോട് പ്രതികരിച്ചു.
ക്യാംപിന് ശേഷം വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാമെന്ന സഞ്ജു അറിയിച്ചിരുന്നുവെന്നതിലും കെ സി എ പ്രതികരിച്ചു. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിന്റെ ക്യാംപ് നടക്കുമ്പോൾ സഞ്ജു ഇന്ത്യൻ ടീമിൽ കളിക്കുകയായിരുന്നു. ആ സമയത്ത് കേരളത്തിനായി നേരിട്ട് കളിക്കാൻ സഞ്ജുവിന് കെ സി എ അനുമതി നൽകി. എന്നാൽ വിജയ് ഹസാരെ ട്രോഫിയുടെ ക്യാംപിൽ പങ്കെടുക്കാൻ സഞ്ജു വ്യക്തമായ കാരണം പറയണമായിരുന്നു. ജയേഷ് ജോർജ് പ്രതികരിച്ചു.
സഞ്ജുവിനോട് കേരള ക്രിക്കറ്റിന് യാതൊരു പ്രശ്നവുമില്ല. അങ്ങനെ എന്തെങ്കിലും വ്യക്തിവിരോധം ഉണ്ടെങ്കിൽ സഞ്ജു ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിൽ കളിക്കില്ലായിരുന്നു. സഞ്ജുവിനെതിരെ യാതൊരു അച്ചടക്ക നടപടിയും കെ സി എ എടുത്തിട്ടില്ല. സഞ്ജു സാംസണിന്റെ കഴിവ് ബിസിസിഐക്ക് കൃത്യമായി അറിയാം. വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനം മാത്രമല്ല ഇന്ത്യൻ ടീമിലെ പ്രവേശനത്തിന് മാനദണ്ഡം. ചിലപ്പോൾ ട്വന്റി 20 ക്രിക്കറ്റിലേക്കുള്ള താരമായാവാം സഞ്ജുവിനെ ബിസിസിഐ പരിഗണിക്കുന്നതെന്നും ജയേഷ് ജോർജ് പറഞ്ഞു.
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താത്തതിന് കാരണം കേരള ക്രിക്കറ്റ് അസോസിയേഷനാണെന്ന ശശി തരൂർ എംപിയുടെ ആരോപണത്തിനും ജയേഷ് ജോർജ് മറുപടി പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുമ്പോൾ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമായിരുന്നു. ഒരു ജനപ്രതിനിധിയെന്ന നിലയിൽ കേരള ക്രിക്കറ്റ് അസോസിയേഷനുമായി സംസാരിക്കണമായിരുന്നു. സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതിരുന്നതിന് തരൂരിനെ പോലെ കെ സി എയ്ക്കും വിഷമമുണ്ടെന്ന് ജയേഷ് ജോർജ് വ്യക്തമാക്കി. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളത്തിന്റെ ട്രെയിനിങ് ക്യാമ്പിൽ പങ്കെടുക്കാനാകില്ലെന്ന് സഞ്ജു കെസിഎയെ അറിയിച്ചിരുന്നുവെന്നും എന്നാൽ ചിലരുടെ ഈഗോ കാരണം സഞ്ജുവിനെ ടീമിൽ നിന്നൊഴിവാക്കിയത് വിനയായെന്നും ശശി തരൂർ എംപി പറഞ്ഞിരുന്നു.
Content Highlights: Sanju Samson has no special consideration in Kerala Cricket says KCA president