കഴിഞ്ഞ ദിവസമാണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും നായകന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് പ്രഖ്യാപിച്ചത്. ടീം പ്രഖ്യാപനത്തിന് മുന്‍പ് മണിക്കൂറുകള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ടീം പ്രഖ്യാപനം. ചാമ്പ്യൻസ് ട്രോഫി ടീമിനെ തിരഞ്ഞെടുക്കാനായി ഇന്നലെ മുംബൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗം രണ്ട് മണിക്കൂറിലേറെ നീളാന്‍ കാരണമായതിന് പിന്നിലെ കൂടുതൽ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
രണ്ടാം വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കുന്നതടക്കമുള്ള ചില വിഷയങ്ങളിൽ പരിശീലകനും സെലക്ടറും ക്യാപ്റ്റനുമെല്ലാം രണ്ടുതട്ടിൽ വന്നതോടെയാണ് പ്രഖ്യാപനം നീണ്ടുപോയതെന്നാണ് റിപ്പോർട്ടുകൾ. ടീമിന്റെ രണ്ടാം വിക്കറ്റ് കീപ്പറായി ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണെ ടീമിലെടുക്കണമെന്ന് കോച്ച് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടപ്പോള്‍ റിഷഭ് പന്ത് തന്നെ തുടരട്ടെയെന്ന നിലപാടായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്വീകരിച്ചത്.
🚨 THE LONG MEETING REASONS. 🚨
— Mufaddal Vohra (@mufaddal_vohra) January 19, 2025
- Gautam Gambhir wanted Hardik Pandya as Vice Captain.
- Agarkar and Rohit agreed for Shubman Gill.
- Gambhir wanted to include Sanju Samson as Wicketkeeper.
- Agarkar and Rohit were happy to go ahead with Rishabh Pant. (Abhishek Tripathi). pic.twitter.com/m1sMWAhwJo
സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്നും ഫിനിഷിങ് റോളില്‍ കൂടി തിളങ്ങാനാകുന്ന താരത്തെയാണ് ടീമിന് ആവശ്യമെന്നുമാണ് ഇതിന് കാരണമായി അഗാര്‍ക്കറും രോഹിത്തും ചൂണ്ടിക്കാണിച്ചത്. ലിമിറ്റഡ് ഓവറില്‍ സഞ്ജുവിന് പന്തിനേക്കാള്‍ മികച്ച റെക്കോര്‍ഡുണ്ടെങ്കിലും പന്ത് ടീമില്‍ വേണമെന്ന കാര്യത്തില്‍ രോഹിത് ഉറച്ച് നിന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. തര്‍ക്കത്തിനൊടുവില്‍ ഗംഭീറിന്‍റെ ആവശ്യം തള്ളി റിഷഭ് പന്തിനെ ടീമിലെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വൈസ് ക്യാപ്റ്റൻ സ്ഥാനത്തെച്ചൊല്ലിയും അഭിപ്രായഭിന്നത ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കണമെന്നായിരുന്നു കോച്ച് ഗൗതം ഗംഭീർ ആവശ്യപ്പെട്ടത്. എന്നാല്‍ അഗാര്‍ക്കറും രോഹിത്തും ഇത് നിരസിച്ചുവെന്നും വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ശുഭ്മന്‍ ഗില്ലിനെ പിന്തുണക്കുകയും ചെയ്യുകയായിരുന്നു. ഒടുവിൽ ഇവിടെയും ഗംഭീറിന്‍റെ ആവശ്യം പരിഗണിക്കപ്പെടാതെ പോവുകയും ഗില്ലിനെ തന്നെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയും ചെയ്തു എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചാംപ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ‍്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.
Content Highlights: ICC Champions Trophy 2025: Rohit Sharma blocked Sanju Samson's selection after clash with Gautam Gambhir