മുൾട്ടാൻ ടെസ്റ്റിൽ സ്പിന്നർമാർക്ക് അനുകൂലമായ പിച്ച് തയ്യാറാക്കിയതിൽ പ്രതികരണവുമായി വെസ്റ്റ് ഇൻഡീസ് നായകൻ ക്രെയ്ഗ് ബ്രാത്ത്‍വെെറ്റ്. ഇത് പാകിസ്താന്റെ ഹോം ഗ്രൗണ്ടാണ്. എങ്ങനെ പിച്ച് തയ്യാറാക്കണമെന്നത് അവർക്ക് തീരുമാനിക്കാം. ഈ പിച്ചിൽ ബാറ്റിങ് ബുദ്ധിമുട്ടായിരുന്നുവെന്നത് സത്യമാണ്. രണ്ടാം ടെസ്റ്റിലും സമാനമായ പിച്ചാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ തിരിച്ചുവരവിന് രണ്ടാം ടെസ്റ്റിൽ ശ്രമിക്കുമെന്നും ക്രെയ്ഗ് ബ്രാത്ത്‍വൈറ്റ് പറഞ്ഞു.
വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ സ്പിൻ കെണിയൊരുക്കിയതിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാൻ മസൂദും പ്രതികരിച്ചിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ മികച്ചൊരു ടീമാകണമെങ്കിൽ ചില കാര്യങ്ങൾ ഒഴിവാക്കാൻ തയ്യാറാകണം. ഉദാഹരണമായി ഈ ടെസ്റ്റിൽ ഫാസ്റ്റ് ബൗളർമാര്‍ക്ക് അവസരങ്ങൾ വളരെ കുറവായിരുന്നു. ഷാൻ മസൂദ് ചൂണ്ടിക്കാട്ടി.
മുൾട്ടാൻ ടെസ്റ്റിൽ പാകിസ്താനായി വെസ്റ്റ് ഇൻഡീസിന്റെ 20 വിക്കറ്റുകളും വീഴ്ത്തിയത് സ്പിന്നർമാരാണ്. മത്സരത്തിൽ ഒരു ഓവർ മാത്രമാണ് പാകിസ്താനായി ഒരു പേസ് ബൗളർ എറിഞ്ഞത്. പാകിസ്താൻ മണ്ണിൽ നടന്ന കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിൽ പാക് ടീമിന് വേണ്ടി 60 വിക്കറ്റുകളും സ്പിന്നർമാരാണ് സ്വന്തമാക്കിയത്.
വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ 127 റൺസിന്റെ വിജയം സ്വന്തമാക്കാനും പാകിസ്താന് കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഒന്നാം ഇന്നിംഗ്സിൽ 230 റൺസിന് ഓൾ ഔട്ടായി. സൗദ് ഷക്കീൽ 84 റൺസും മുഹമ്മദ് റിസ്വാൻ 71 റൺസും നേടി. ഇതിന് മറുപടി പറഞ്ഞ വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിംഗ്സിൽ വെറും 137 റൺസിൽ പുറത്തായി. 31 റൺസുമായി പുറത്താകാതെ നിന്ന് ജോമൽ വരികാൻ ബാറ്റിങ്ങിലും താരമായി.
ആദ്യ ഇന്നിംഗ്സിൽ 93 റൺസിന്റെ ലീഡ് നേടാൻ പാകിസ്താന് കഴിഞ്ഞു. രണ്ടാം ഇന്നിംഗ്സിൽ പാകിസ്താൻ 157 റൺസിൽ എല്ലാവരും പുറത്തായി. ഷാൻ മസൂദ് 52 റൺസ് നേടി. പിന്നാലെ 251 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച വെസ്റ്റ് ഇൻഡീസിന് രണ്ടാം ഇന്നിംഗ്സിൽ 123 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അലിക് അത്നാസെ 55 റൺസ് നേടി വിൻഡീസ് നിരയിലെ ടോപ് സ്കോററായി.
Content Highlights: Kraigg Brathwaite responds Pakistan's spin friendly track