വെസ്റ്റ് ഇൻഡീസും പാകിസ്താനും തമ്മിലുള്ള ഒന്നാം ടെസ്റ്റ് അവസാനിച്ചത് ചരിത്ര നേട്ടത്തിൽ. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും കുറവ് പന്തുകൾ എറിഞ്ഞ് പൂർത്തിയായ മത്സരമായി മാറി വെസ്റ്റ് ഇൻഡീസ്-പാകിസ്താൻ ഒന്നാം ടെസ്റ്റ്. മുൾട്ടാനിൽ നടന്ന മത്സരം 1064 പന്തുകൾ മാത്രമാണ് നീണ്ടത്. 1990ൽ ഫൈസലാബാദിൽ നടന്ന വെസ്റ്റ് ഇൻഡീസ്-പാകിസ്താൻ മത്സരമായിരുന്നു മുമ്പ് കുറഞ്ഞ പന്തുകളിൽ അവസാനിച്ചത്. അന്ന് 1080 പന്തുകളാണ് ആകെ എറിഞ്ഞത്.
മുൾട്ടാൻ ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഒന്നാം ഇന്നിംഗ്സിൽ 230 റൺസിന് ഓൾ ഔട്ടായി. 68.5 ഓവർ മാത്രമാണ് പാക് ടീം ബാറ്റ് ചെയ്തത്. ഇതിന് മറുപടി പറഞ്ഞ വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിംഗ്സിൽ വെറും 137 റൺസിൽ പുറത്തായി. 25.2 ഓവറിനുള്ളിലാണ് പാകിസ്താൻ വെസ്റ്റ് ഇൻഡീസിനെ ഓൾ ഔട്ടാക്കിയത്. ആദ്യ ഇന്നിംഗ്സിൽ 93 റൺസിന്റെ ലീഡ് നേടാനും പാകിസ്താന് കഴിഞ്ഞു.
രണ്ടാം ഇന്നിംഗ്സിൽ 46.4 ഓവർ ബാറ്റ് ചെയ്ത പാകിസ്താൻ 157 റൺസിൽ എല്ലാവരും പുറത്തായി. പിന്നാലെ 251 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിംഗ്സിൽ 123 റൺസിൽ എല്ലാവരും പുറത്തായി. 36.3 ഓവർ മാത്രം ബാറ്റു ചെയ്യാനേ വിൻഡീസ് സംഘത്തിന് രണ്ടാം ഇന്നിംഗ്സിൽ കഴിഞ്ഞുള്ളു.
Content Highlights: Pakistan-West Indies 1st Test Scripts History