അണ്ടര്‍ 19 വനിത ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ അട്ടിമറിച്ച് നൈജീരിയ. മഴയെ തുടര്‍ന്ന് 13 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു നൈജീരിയയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ നൈജീരിയ 13 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സാണ് നേടിയത്. മറുപടി പറഞ്ഞ ന്യൂസിലാന്‍ഡിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
19 റണ്‍സ് നേടിയ ലില്ലിയന്‍ ഉഡെ നൈജീരിയയുടെ ടോപ് സ്‌കോററായി. ക്യാപ്റ്റന്‍ ലക്കി പിയറ്റി 18 റണ്‍സും നേടി. താഷ് വേക്ലിന്‍ 18, അനിക് ടോഡ് 19, ഇവ് വോളണ്ട് 14 എന്നിവർ ന്യൂസിലാൻഡിനായി തിളങ്ങി. എങ്കിലും വിജയത്തിലേക്കെത്താൻ കിവീസ് യുവനിരയ്ക്ക് കഴിഞ്ഞില്ല.
ടൂർണമെന്റിൽ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ന്യൂസിലാൻഡ് ലോകകപ്പിൽ നിന്ന് പുറത്തായി. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടായിരുന്നു ന്യൂസിലാൻഡ് പരാജയപ്പെട്ടത്. സമോവയ്ക്കെതിരായ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് നൈജീരിയ.
Content Highlights: Nigeria Defeated New Zealand by two runs