ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ചാംപ്യൻസ് ട്രോഫിക്കുമുള്ള ഇന്ത്യൻ ടീമിൽ കരുൺ നായരെ ഉൾപ്പെടുത്താതിരുന്നതിൽ പ്രതികരണവുമായി മുൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. നിലവിൽ ടീമിൽ കരുണിനെ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നാണ് ഗാവസ്കറിന്‍റെ നിരീക്ഷണം. കരുണിനെ ഉൾപ്പെടുത്തണമെങ്കിൽ കെ എൽ രാഹുലിനെയോ ശ്രേയസ് അയ്യരിനെയോ ഒഴിവാക്കണം. കഴിഞ്ഞ ഏകദിന ലോകകപ്പിൽ രാഹുലായിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പർ. ബാറ്ററായും വിക്കറ്റ് കീപ്പറായും രാഹുൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ശ്രേയസിന്റേതും മികച്ച പ്രകടനമായിരുന്നു. ഈ സാഹചര്യത്തിൽ ഇവരിൽ ഒരാളെ ഒഴിവാക്കി കരുണിനെ ടീമിൽ ഉൾപ്പെടുത്താൻ കഴിയുമായിരുന്നില്ല. ഗാവസ്കർ സ്പോർട്സ് തക്കിനോട് പ്രതികരിച്ചു.
വിജയ് ഹസാരെ ട്രോഫി സീസണിൽ എട്ട് ഇന്നിംഗ്സുകളിൽ നിന്നായി 779 റൺസാണ് വിദർഭ നായകൻ കൂടിയായ കരുൺ അടിച്ചുകൂട്ടിയത്. അഞ്ച് സെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. ടൂർണമെന്റിൽ രണ്ട് തവണ മാത്രമാണ് കരുണിനെ പുറത്താക്കാൻ എതിരാളികൾക്ക് സാധിച്ചത്. മികച്ച പ്രകടനം നടത്തിയിട്ടും ചാംപ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിലെത്താന്‍ കരുണിന് സാധിച്ചില്ല.
ചാംപ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ‍്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.
Content Highlights: Sunil Gavaskar Explains Why Karun Nair Failed To Find Place In India's Champions Trophy Squad