'ലോകം കണ്ട ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററാണ് കോഹ്‌ലി'; ഫോമില്‍ ആശങ്കയില്ലെന്ന് ഗാംഗുലി

'വനിതാ ക്രിക്കറ്റില്‍ ജുലന്‍ ഗോസ്വാമി, മിതാലി രാജ് എന്നിവരെ പോലെ പുരുഷ ക്രിക്കറ്റില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ക്രിക്കറ്ററാണ് കോഹ്‌ലി'

dot image

ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ പിന്തുണച്ച് ഇന്ത്യയുടെ മുന്‍ നായകനും ബിസിസിഐ മുന്‍ അധ്യക്ഷനുമായ സൗരവ് ഗാംഗുലി. ചാംപ്യന്‍സ് ട്രോഫിയില്‍ കോഹ്‌ലിയുടെ ഫോമില്‍ ആശങ്കയില്ലെന്നും കാരണം ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററാണ് വിരാട് കോഹ്‌ലിയെന്നും ഗാംഗുലി പറഞ്ഞു. അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ കോഹ്‌ലിയുടെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ച ഗാംഗുലി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര താരത്തിന് വലിയ വെല്ലുവിളിയായിരിക്കുമെന്നും പറഞ്ഞു.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി. 'വിരാട് കോഹ്‌ലിയെ പോലൊരു ക്രിക്കറ്റര്‍ എന്നത് അത്യപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ്. വനിതാ ക്രിക്കറ്റില്‍ ജുലന്‍ ഗോസ്വാമി, മിതാലി രാജ് എന്നിവരെ പോലെ പുരുഷ ക്രിക്കറ്റില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ക്രിക്കറ്ററാണ് കോഹ്‌ലി. ഒരു കരിയറില്‍ 80 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടുകയെന്നത് തികച്ചും അവിശ്വസനീയമായ കാര്യമാണ്. എന്നെ സംബന്ധിച്ചിടുത്തോളം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ലോകം കണ്ട ഏറ്റവും മികച്ച താരം കോഹ്‌ലിയാണ്,' ഗാംഗുലി പറഞ്ഞു.

ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ അപരാജിത സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിക്ക് പിന്നീടുള്ള മത്സരങ്ങളില്‍ മികവ് ആവര്‍ത്തിക്കാന്‍ കഴിയാതിരുന്നതില്‍ ഗാംഗുലി ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു. 'പെര്‍ത്തിലെ സെഞ്ച്വറിക്ക് ശേഷം ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയില്‍ കോഹ്‌ലിയുടെ പ്രകടനം എന്നെ അത്ഭുതപ്പെടുത്തി. പെര്‍ത്തിലെ സെഞ്ച്വറിക്ക് മുന്‍പ് കോഹ്‌ലി ഏറെ ബുദ്ധിമുട്ടിയിരുന്നു. ആ സെഞ്ച്വറിക്ക് ശേഷം അദ്ദേഹം തിരിച്ചെത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അത് സംഭവിച്ചില്ല.

ലോകത്തിലെ എല്ലാ കളിക്കാര്‍ക്കും അവരുടേതായ ബലഹീനതകളും ശക്തികളും ഉണ്ട്. കോഹ്‌ലിക്ക് ഇനിയും അവസരങ്ങള്‍ അവശേഷിക്കുന്നതായി ഞാന്‍ വിശ്വസിക്കുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പര അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരിക്കും. എന്നാല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹത്തിന്റെ ഫോമിനെ കുറിച്ച് എനിക്ക് വലിയ ആശങ്ക ഇല്ല. കാരണം ഞാന്‍ പറഞ്ഞതു പോലെ ലോകം കണ്ട ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററാണ് അദ്ദേഹം', ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Content Highlights: Sourav Ganguly lauds Virat Kohli ahead of Champions Trophy 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us