അവൻ പറഞ്ഞതെല്ലാം തെറ്റ്, കൊല്‍ക്കത്തയ്‌ക്കെതിരായ ശ്രേയസിന്റെ പരാമർശത്തില്‍ വിമർശനവുമായി ആകാശ് ചോപ്ര

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്തയെ കിരീടത്തിലേക്ക് നയിച്ച തന്നെ ഫ്രാഞ്ചൈസി നിലനിര്‍ത്താത്തതില്‍ കഴിഞ്ഞദിവസം ശ്രേയസ് പ്രതികരിച്ചിരുന്നു.

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കുറിച്ച് മുന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ താരം ആകാശ് ചോപ്ര. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്തയെ കിരീടത്തിലേക്ക് നയിച്ച തന്നെ ഫ്രാഞ്ചൈസി നിലനിര്‍ത്താത്തതില്‍ കഴിഞ്ഞദിവസം ശ്രേയസ് പ്രതികരിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിടാന്‍ കാരണം പണവുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നില്ലെന്നായിരുന്നു ശ്രേയസിന്റെ പ്രതികരണം.

റീട്ടെന്‍ഷന്‍ ലിസ്റ്റ് പ്രഖ്യാപിക്കാന്‍ ഒരാഴ്ച മാത്രം ഉള്ളപ്പോഴും ടീമില്‍ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഒരു കാര്യവും ഫ്രാഞ്ചൈസി അറിയിച്ചിരുന്നില്ല. ഇതോടെ തന്നെ നിലനിര്‍ത്താന്‍ കൊല്‍ക്കത്തയ്ക്ക് താത്പര്യമില്ലെന്ന് മനസിലാവുകയായിരുന്നു. ആശയവിനിമയത്തിലെ പോരായ്മകളെ തുടര്‍ന്ന് ടീം വിടാന്‍ തീരുമാനിക്കുകയായിരുന്നു. ശ്രേയസ് അയ്യര്‍ പറഞ്ഞത് ഇങ്ങനെ. ശ്രേയസിന്റെ ആരോപണങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ആകാശ് ചോപ്ര.

'നിങ്ങള്‍ക്ക് ഫ്രാഞ്ചൈസികള്‍ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. ടീമിലെ പ്രധാനപ്പെട്ട താരങ്ങളെ നിലനിര്‍ത്താന്‍ എപ്പോഴും ശ്രമിക്കാറുണ്ടെന്ന് കൊല്‍ക്കത്തയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ആന്ദ്രെ റസ്സലും സുനില്‍ നരെയ്‌നും ഇപ്പോഴും കെകെആറിനൊപ്പമുണ്ട്. വെങ്കിടേഷ് അയ്യരെ നിലനിര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ ഫ്രാഞ്ചൈസി ലേലത്തില്‍ വാങ്ങുകയും ചെയ്തു. ബന്ധങ്ങളെ കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന ഫ്രാഞ്ചൈസിയാണ് കൊല്‍ക്കത്ത', ആകാശ് ചോപ്ര പറഞ്ഞു.

'ശ്രേയസ് അയ്യര്‍ ആയിരുന്നു കൊല്‍ക്കത്തയുടെ നായകന്‍. ടീമിന്റെ ഭാവി പദ്ധതികളില്‍ അദ്ദേഹം എപ്പോഴും ഉണ്ടായിരിക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നോട് ഒരു കാര്യവും സംസാരിച്ചിരുന്നില്ലെന്ന് ഒരു അഭിമുഖത്തില്‍ ശ്രേയസ് പറഞ്ഞു. കെകെആറും ശ്രേയസ് അയ്യരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് എനിക്ക് ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയും. അവര്‍ ദീര്‍ഘനേരം സംസാരിച്ചു. പക്ഷേ ഒരു കരാറും ഉണ്ടായില്ല', ആകാശ് തുറന്നുപറഞ്ഞു.

'അത് വ്യത്യസ്തമായ പ്രശ്‌നമാണ്. അക്കാര്യം തുറന്നുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ലേലത്തില്‍ എങ്ങനെ പോകും എന്നതിനെക്കുറിച്ച് ശ്രേയസിന് ചില ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ സംഭവിച്ച കാര്യങ്ങള്‍ വളരെ രസകരമാണ്. കര്‍മ എന്നത് സത്യമാണെന്ന് ഇനി നിങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങും', ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

2024ല്‍ ഐപിഎല്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു ശ്രേയസ് അയ്യര്‍. എന്നാല്‍ ഐപിഎല്‍ മെഗാലേലത്തിന് മുമ്പായി ശ്രേയസിനെ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തയ്യാറായില്ല. തുടര്‍ന്ന് മെഗാലേലത്തില്‍ 26.75 കോടി രൂപയ്ക്ക് താരത്തെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. അടുത്ത സീസണില്‍ പഞ്ചാബിനെ നയിക്കുന്നതും ശ്രേയസ് ആണ്.

Content Highlights: Aakash Chopra Highlights Shreyas Iyer's 'Karma' Over 'Lack Of Agreement' Statement With KKR

dot image
To advertise here,contact us
dot image