ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ മിന്നും ജയം നേടിയപ്പോൾ താരമായത് യുവ ഓപ്പണർ അഭിഷേക് ശർമയായിരുന്നു. സഞ്ജുവിനൊപ്പം പതിയെ തുടങ്ങിയ താരം ക്രീസിൽ നിലയുറപ്പിച്ചതോടെ ബോളർമാരെ അതിർത്തി കടത്തിക്കൊണ്ടേയിരുന്നു. 20 പന്തിൽ ഫിഫ്റ്റി കണ്ടെത്തിയ താരം 33 പന്തിൽ 79 റൺസുമായാണ് പുറത്തായത്. എട്ട് സിക്‌സറും അഞ്ച് ഫോറുകളുമാണ് താരം നേടിയത്. മഞ്ഞ് വീഴ്ചയിൽ ബാറ്റിങ് ദുഷ്കകരമായിരുന്ന പിച്ച് കൂടിയായിരുന്നു ഇന്ന് ഈഡനിലേത്. ഇതോടെ ജയ്‌സ്വാൾ, റിഷഭ് പന്ത് തുടങ്ങിയവർ പുറത്ത് നിൽക്കുന്ന ഇന്ത്യയുടെ ടി20 ഓപ്പണിങ്ങിലേക്ക് സ്ഥിരം സീറ്റിനുള്ള അവകാശ വാദം ഉന്നയിക്കാനും താരത്തിനായി. ഇന്ത്യയ്ക്കായി 12 ടി 20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ഇത് വരെ 11 ഇന്നിങ്‌സുകളിൽ നിന്ന് 256 റൺസാണ് നേടിയിട്ടുള്ളത്.
സിംബാബ്‌വെയ്‌ക്കെതിരെ സെഞ്ച്വറിയുമായി തൻ്റെ കരിയർ ആരംഭിച്ചതിന് ശേഷം അഭിഷേകിന്റെ ഫോം മങ്ങുകയായിരുന്നു. ഈ മത്സരത്തിന് മുമ്പ് സഞ്ജുവിനെ പോലെ കിട്ടുന്ന അവസരങ്ങൾ മുതലാക്കൂ എന്ന് അഭിഷേകിനോട് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര പറയുകയും ചെയ്തിരുന്നു. ഈ വാക്കുകൾ അക്ഷരം പ്രതി കളിയിൽ പകർത്തിയതു പോലെയായിരുന്നു അഭിഷേകിന്റെ ഇന്നിങ്‌സ്.
അഭിഷേക് ശർമയെ കൂടാതെ സഞ്ജു സാംസണും മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. രണ്ടാം ഓവറിൽ നാല് ഫോറുകളും ഒരു സിക്‌സറും അടക്കം 22 റൺസാണ് സഞ്ജു നേടിയത്. ഇംഗ്ലണ്ടിന്റെ പേസ് കുന്തമുനയായ ഗസ് അറ്റ്കിൻസണെയാണ് താരം തല്ലിച്ചതച്ചത് എന്നും ശ്രദ്ധേയം. എളുപ്പത്തിൽ സ്കോർ ചലിപ്പിച്ച താരം ഒടുവിൽ ആർച്ചറിന്റെ പന്തിൽ ക്യാച്ച് നൽകി മടങ്ങി. 26 റൺസായിരുന്നു സമ്പാദ്യം. അതേ സമയം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പൂജ്യം റൺസുമായി നിരാശപ്പെടുത്തി. തിലക് വർമ 19 റൺസെടുത്തും ഹാർദിക് പാണ്ഡ്യ മൂന്ന് റൺസെടുത്തും പുറത്താകാതെ നിന്നു.
STAND UP AND APPLAUD ABHISHEK SHARMA - EDEN GARDENS.
— Mufaddal Vohra (@mufaddal_vohra) January 22, 2025
- A proper hammering by Abhi. 🙇♂️ pic.twitter.com/Yzg3UfYUD3
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിരയിൽ ക്യാപ്റ്റൻ ജോസ് ബട്ട്ലർ മാത്രമാണ് നിറഞ്ഞു കളിച്ചത്. 44 പന്തുകൾ നേരിട്ട് താരം 68 റൺസ് നേടി. രണ്ട് സിക്‌സറും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്നും അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
Content Highlights: Abhishek Sharma mass perfomance With 79 Off 34 Balls in First T20I