സ്പീഡോ മീറ്ററിന് തെറ്റ് പറ്റിയതല്ല; മാർക്ക് വുഡ് ഈഡനിലെറിഞ്ഞു 150 ന് മുകളിൽ; ഒന്നല്ല, അര ഡസനോളം തവണ

അന്തരാഷ്ട്ര ക്രിക്കറ്റിൽ 156.6 വരെ എറിഞ്ഞ താരമാണ് മാർക്ക് വുഡ്

dot image

ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയം നേടിയെങ്കിലും വാർത്തയിൽ ഇടം നേടിയ താരമായത് ഇംഗ്ലീഷ് പേസർ മാർക്ക് വുഡ് ആയിരുന്നു. താരമെറിഞ്ഞ പന്തുകളുടെ വേഗതയാണ് അതിന് പിന്നിൽ. ഏകദേശം അര ഡസനുകളോളം പന്തുകളാണ് താരം 150 ന് മുകളിൽ എറിഞ്ഞത്. ഇതിൽ നാലാം ഓവറിൽ സഞ്ജുവിനെതിരെ എറിഞ്ഞ പന്ത് 153.9 ലെത്തി. അറ്റ്കിൻസണെ ഒരോവറിൽ 22 റൺസ് നേടിയ സഞ്ജു റൺസ് സ്കോർ ചെയ്യാതിരുന്നതും വുഡിന് മുന്നിലായിരുന്നു. മത്സരത്തിൽ മൂന്നോവർ എറിഞ്ഞ താരം 25 റൺസ് വിട്ടുകൊടുത്തു. അന്തരാഷ്ട്ര ക്രിക്കറ്റിൽ 156.6 വരെ എറിഞ്ഞ താരമാണ് മാർക്ക് വുഡ്.

അതേ സമയം അഭിഷേക് ശർമയുടെ മിന്നും പ്രകടനത്തിലാണ് ഇന്ത്യ ഏഴ് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ 132 റൺസ് എന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 12.5 ഓവറിൽ വിജയലക്ഷ്യം മറികടന്നു. 20 പന്തിൽ ഫിഫ്റ്റി കണ്ടെത്തിയ താരം 33 പന്തിൽ 79 റൺസുമായി പുറത്തായി. എട്ട് സിക്‌സറും അഞ്ച് ഫോറുകളുമാണ് താരം നേടിയത്.

അഭിഷേക് ശർമയെ കൂടാതെ സഞ്ജു സാംസണും മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. രണ്ടാം ഓവറിൽ നാല് ഫോറുകളും ഒരു സിക്‌സറും അടക്കം 22 റൺസാണ് സഞ്ജു നേടിയത്. ഇംഗ്ലണ്ടിന്റെ പേസ് കുന്തമുനയായ ഗസ് അറ്റ്കിൻസണെയാണ് താരം തല്ലിച്ചതച്ചത് എന്നും ശ്രദ്ധേയം. എളുപ്പത്തിൽ സ്കോർ ചലിപ്പിച്ച സഞ്ജു ഒടുവിൽ ആർച്ചറിന്റെ പന്തിൽ ക്യാച്ച് നൽകി മടങ്ങി. 26 റൺസായിരുന്നു സമ്പാദ്യം. അതേ സമയം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പൂജ്യം റൺസുമായി നിരാശപ്പെടുത്തി. തിലക് വർമ 19 റൺസെടുത്തും ഹാർദിക് പാണ്ഡ്യ മൂന്ന് റൺസെടുത്തും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിരയിൽ ക്യാപ്റ്റൻ ജോസ് ബട്ട്ലർ മാത്രമാണ് നിറഞ്ഞു കളിച്ചത്. 44 പന്തുകൾ നേരിട്ട് താരം 68 റൺസ് നേടി. രണ്ട് സിക്‌സറും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്നും അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

Content Highlights: Mark wood touch 153 KMPH in eden gardens vs india in t20 cricket

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us