ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് ജയം നേടിയപ്പോൾ താരമായത് ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയുമായിരുന്നു. സഞ്ജു തുടക്കമിട്ട വെടിക്കെട്ട് അഭിഷേക് ശർമ പൂർത്തിയാക്കിയപ്പോൾ ഇന്ത്യയുടെ ജയം അനായാസമായി. സഞ്ജു 26 റൺസ് നേടിയപ്പോൾ അഭിഷേക് 33 പന്തിൽ 79 റൺസ് നേടി. 20 പന്തിൽ ഫിഫ്റ്റി കണ്ടെത്തിയ താരം യുവരാജ് സിംഗിന് ശേഷം ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ ഫിഫ്റ്റി തന്റെ സ്വന്തം പേരിലാക്കി. എട്ട് സിക്‌സറും അഞ്ച് ഫോറുകളുമാണ് താരം നേടിയത്.
ഇപ്പോഴിതാ തന്റെ ഓപ്പണിങ് ജോഡി അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അഭിഷേക് ശർമ. സഞ്ജു മറുവശത്ത് ബാറ്റ് ചെയ്യുമ്പോൾ കൂടുതൽ സമയം ക്രീസിൽ നിലയുറപ്പിക്കാൻ തനിക്ക് ലഭിക്കുന്നുവെന്നും അത് കൂടുതൽ ആത്‌മവിശ്വാസം നൽകുന്നുവെന്നും അഭിഷേക് പറഞ്ഞു. സഞ്ജു ബാറ്റ് ചെയ്യുമ്പോൾ ഞാൻ അത് ഏറെ ആസ്വദിക്കാറുണ്ടെന്നും ഏറ്റവും അടുത്ത് നിന്ന് അത് ആസ്വദിക്കാൻ പറ്റുന്നതിൽ സന്തോഷമുണ്ടെന്നും അഭിഷേക് പറഞ്ഞു.
'കുറച്ച് കളികളായി ഫോമിലല്ലെന്ന് അറിയാമായിരുന്നു, ടീമിൽ പിടിച്ച് നില്ക്കാൻ നല്ലൊരു പ്രകടനം വേണമായിരുന്നു. ഇംഗ്ലണ്ട് ബോളർമാർ ക്ഷമ പാരീക്ഷിക്കുമെന്ന് ഉറപ്പായിരുന്നു, മറുവശത്ത് സഞ്ജുവുള്ളത് ക്രീസിൽ നിലയുറപ്പിക്കാൻ സഹായിച്ചു, യുവ താരങ്ങളെന്ന നിലയിൽ പരിശീലകർ നൽകിയ പിന്തുണയും പറഞ്ഞറിയിക്കാനാവാത്തതാണ്', അഭിഷേക് കൂട്ടിച്ചേർത്തു. ഈ മാസം 25 നാണ് അഞ്ചു മത്സരങ്ങളടങ്ങിയ ടി 20 പരമ്പരയിലെ രണ്ടാം മത്സരം.
Content Highlights: Sanju on the other side in batting is brave and I enjoy his batting a lot: Abhishek Sharma