അന്ന് വസീം അക്രം ഇടപെട്ടില്ലായിരുന്നെങ്കിൽ ​ഗംഭീറിനെ ഞാൻ തല്ലിയേനെ!, വെളിപ്പെടുത്തലുമായി മനോജ് തിവാരി

''കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കളിക്കവേ ഒരിക്കല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് ഞാനും ഗംഭീറും തമ്മില്‍ തര്‍ക്കമുണ്ടായി.'

dot image

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ച് ഗൗതം ഗംഭീറിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുന്‍ താരം മനോജ് തിവാരി. മുന്‍പ് പലപ്പോഴായി തന്നെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തിയിട്ടുമുണ്ടെന്ന് തിവാരി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കുന്ന സമയം ഒരു മത്സരത്തിലും തന്നെ കളിപ്പിക്കില്ലെന്ന് ഗംഭീര്‍ ഭീഷണിപ്പെടുത്തിയതായും കൈയ്യേറ്റം വരെയുണ്ടായിരുന്നതായും അന്നൊരിക്കല്‍ സംഘർഷം മൂത്തപ്പോൾ കൊൽക്കത്തൻ ബോളിങ് കോച്ച് വസീം അക്രം ഇടപെട്ടാണ് പരിഹരിച്ചതെന്നും തിവാരി പറഞ്ഞു.

'ഒരു പുതിയ കളിക്കാരന്‍ ഉയര്‍ന്നുവരുമ്പോള്‍ അയാള്‍ക്ക് മാധ്യമങ്ങള്‍ പ്രത്യേക പരിഗണന നല്‍കുന്നത് സ്വാഭാവികമായ കാര്യമാണ്. ഒരുപക്ഷേ അദ്ദേഹത്തിന് എന്നോട് ദേഷ്യം തോന്നാനുണ്ടായ കാരണങ്ങളിലൊന്ന് അതായിരിക്കാം. എനിക്ക് പിആര്‍ ടീം ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, ഞാനിന്ന് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയേനെ', തിവാരി തുറന്നടിച്ചു.

'കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കളിക്കവേ ഒരിക്കല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് ഞാനും ഗംഭീറും തമ്മില്‍ തര്‍ക്കമുണ്ടായി. വളരെ അസ്വസ്ഥനായ ഞാന്‍ ഉടനെ ബാത്ത്‌റൂമിലേയ്ക്ക് പോയി. ഉടനെ അയാള്‍ എന്റെ പിന്നാലെ വന്ന് ഈ സമീപനം നടക്കില്ലെന്നും തന്നെ ഒരു മത്സരത്തില്‍ പോലും കളിപ്പിക്കില്ലെന്നും ഭീഷണിപ്പെടുത്തി', തിവാരി വെളിപ്പെടുത്തി.

'എന്തിനാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് ഞാന്‍ ഗംഭീറിനോട് ചോദിച്ചു. അപ്പോഴും അയാളെന്നെ ഭീഷണിപ്പെടുത്തി. ആ സമയത്താണ് അന്നത്തെ ബോളിങ് കോച്ചായ വസീം അക്രം അവിടേക്ക് എത്തിയത്. വസീം അക്രമാണ് ആ പ്രശ്‌നം പരിഹരിച്ചത്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അവിടെ അടി നടന്നേനെ', തിവാരി പറഞ്ഞു. 2015 രഞ്ജി ട്രോഫിയുടെ സമയത്തും ഫീല്‍ഡില്‍ വെച്ച് ഗംഭീര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് തിവാരി കൂട്ടിച്ചേര്‍ത്തു.

ഗൗതം ഗംഭീറിനൊപ്പം കൊല്‍ക്കത്തയില്‍ കളിച്ചിട്ടുള്ള താരമാണ് മനോജ് തിവാരി. ഈ കാലയളവിലായിരുന്നു കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടിയിരുന്നത്. ശേഷം ഗംഭീര്‍ മെന്ററായിരുന്ന കഴിഞ്ഞ വര്‍ഷവും കിരീടം നേടി. ഗംഭീറിനെതിരെ മുന്‍പും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് തിവാരി രംഗത്തെത്തിയിരുന്നു. ഗംഭീര്‍ കാപട്യക്കാരനാണെന്നും പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നയാളല്ലെന്നും തിവാരി കുറ്റപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു.

Content Highlights: Gautam Gambhir Threatened Me: Manoj Tiwary Alleges Abuse By Indian Head Coach

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us