ഇംഗ്ലീഷ് ലയൺസ് ടീമിനായി തന്റെ ആദ്യസെഞ്ച്വറി കുറിച്ച് മുൻ ഇംഗ്ലീഷ് ഇതിഹാസ ഓൾ റൗണ്ടറും ക്യാപ്റ്റനുമായിരുന്ന ആൻഡ്രു ഫ്ലിന്റോഫിന്റെ മകൻ റോക്കി ഫ്ലിന്റോഫ്. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനായുള്ള ഇംഗ്ലണ്ട് ലയൺസിന്റെ മത്സരത്തിലാണ് റോക്കി ഫ്ലിന്റോഫ് സെഞ്ച്വറി കുറിച്ചത്. 124 പന്തുകളിൽ നേടിയ സെഞ്ച്വറിയിൽ 6 പടുകൂറ്റൻ സിക്സറുകളും ഉണ്ടായിരുന്നു.
ഒൻപതാമനായി ക്രീസിലെത്തിയ റോക്കി 161 റൺസാവുമ്പോഴേക്കും 7 വിക്കറ്റുകൾ നഷ്ടപ്പെട്ട ടീമിനെ സെഞ്ച്വറിയോടെ കര കയറ്റുകയും 316 റൺസിലേക്ക് എത്തിക്കുകയും ചെയ്തു. ഇംഗ്ലണ്ട് ലയൺസിനായി 102 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡും ഇതുവഴിയുണ്ടായി.
ഈ ഇന്നിങ്സിനു ശേഷം ആരാധകർ പിതാവായ ആൻഡ്രു ഫ്ളിന്റോഫുമായാണ് താരത്തെ താരതമ്യപ്പെടുത്തുന്നത്. ലെഗ് സൈഡിലേക്ക് അടിച്ചുകൂട്ടിയ സിക്സറുകൾ അച്ഛനെ ഓർമിപ്പിച്ചു എന്നാണ് ആരാധകർ പറയുന്നത്.
16 വയസും 291 ദിവസവും പ്രായമുള്ളപ്പോൾ റോക്കി നേടിയ സെഞ്ച്വറിയോടെ ഇംഗ്ലണ്ട് ലയൺസിനു വേണ്ടി സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും അദ്ദേഹം മാറി. ഇതിനു മുമ്പ് 1998 ൽ കെനിയയിലെ നെയ്റോബിയിൽ 20 വയസും 28 ദിവസവും പ്രായമുള്ളപ്പോൾ പിതാവായ ആൻഡ്രു ഫ്ളിന്റോഫ് നേടിയ സെഞ്ച്വറി റെക്കോർഡാണ് ഇപ്പോൾ റോക്കി പഴങ്കഥയാക്കിയിരിക്കുന്നത്.
content highlights: Rocky Flintoff makes his England mark with century in Lions tour match