1999 ലോകകപ്പിൽ ​​ഗിബ്സ് കൈവിട്ട ക്യാച്ചിന്റെ തനിയാവർത്തനം; ഇത്തവണ താരം ജിമ്മി നീഷം

ദക്ഷിണാഫ്രിക്ക ട്വന്റി 20 ലീ​ഗിൽ പാൾ റോയൽസും പ്രിട്ടോറിയ ക്യാപിറ്റൽസും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് ചരിത്രം ആവർത്തിച്ചത്

dot image

1999 ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ താരം ഹെർഷൽ ​ഗിബ്സ് കൈവിട്ട ക്യാച്ചിന്റെ തനിയാവർത്തനവുമായി ന്യൂസിലാൻഡ് താരം ജിമ്മി നീഷം. ദക്ഷിണാഫ്രിക്ക ട്വന്റി 20 ലീ​ഗിൽ പാൾ റോയൽസും പ്രിട്ടോറിയ ക്യാപിറ്റൽസും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് ചരിത്രം ആവർത്തിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാൾ റോയൽസിനായി ജോ റൂട്ട് ബാറ്റ് ചെയ്യുകയായിരുന്നു. പ്രിട്ടോറിയ ക്യാപിറ്റൽസിനായി ജെയ്സൻ ബഹ്റെൻഡ്രോഫ് പന്തെറിഞ്ഞു.

ജോ റൂട്ടിന്റെ പുൾ ഷോട്ട് ഡീപ് സ്ക്വയർ ലെ​ഗിൽ ജിമ്മി നീഷം പിടികൂടി. എന്നാൽ ക്യാച്ച് പൂർത്തിയാക്കും മുമ്പ് നീഷമിന്റെ കൈയ്യിൽ നിന്നും പന്ത് ചോർന്നു. മൂന്നാം അമ്പയുടെ പരിശോധനയിലും നീഷം ക്യാച്ച് പൂർത്തിയാക്കിയില്ലെന്നാണ് തെളിഞ്ഞത്. പിന്നാലെ ഹെർഷൽ ​ഗിബ്സിന്റെ കൈവിട്ട് ക്യാച്ചിന്റെ ആവർത്തനം സമൂഹമാധ്യമങ്ങളിൽ തരം​ഗമായി.

1999ലെ ലോകകപ്പിന്റെ സൂപ്പർ സിക്സിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു ​ഹെർഷൽ ​ഗിബ്സ് സമാന ക്യാച്ച് കൈവിട്ടത്. ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ചിരുന്നെങ്കിലും ഓസ്ട്രേലിയയ്ക്ക് മത്സരം നിർണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഹെർഷൽ ഗിബ്സിന്റെ സെഞ്ച്വറി മികവിൽ ഏഴ് വിക്കറ്റിന് 271 റൺസെടുത്തു. മറുപടി പറഞ്ഞ ഓസ്ട്രേലിയ ബാറ്റിങ് തകർച്ച നേരിട്ടു. ക്യാപ്റ്റൻ സ്റ്റീവ് വോ രക്ഷകനായെത്തി. സ്കോർ 56ൽ നിൽക്കെ സ്റ്റീവ് വോ മിഡ് വിക്കറ്റിൽ നൽകിയ ക്യാച്ച് എടുത്ത ഗിബ്സ് പന്ത് ആവേശത്തിൽ മുകളിലേക്ക് എറിയുന്നതിനിടെ കൈയ്യിൽ നിന്ന് ചോർന്നു. സ്റ്റീവ് വോ ഗിബ്സിനോട് പറഞ്ഞു, കൈവിട്ടത് ക്യാച്ച് അല്ല ലോകകപ്പ് ആണ്. പിന്നാലെ വോ സെഞ്ചുറി നേടി പുറത്താകാതെ നിന്നു. മത്സരം ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന് ജയിച്ചു.

​ഗിബ്സ് കൈവിട്ട ക്യാച്ചിന്റെ വിലയറിഞ്ഞത് സെമിയിലാണ്. വീണ്ടും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും മുഖാമുഖം വന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 213 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്ക 49 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 205 റൺസിലെത്തി. അവസാന ഓവറിലെ ആദ്യ രണ്ട് പന്തും ഫോർ അടിച്ച ലാൻസ് ക്ലൂസണർ സ്കോർനില തുല്യമാക്കി. ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് വോ സഹതാരങ്ങളെ ഉപദേശിച്ചു- 'എതിരാളികൾ ഉയർത്തി അടിച്ച് ജയിച്ചാൽ പ്രശ്നമില്ല. പക്ഷേ സിംഗിൾ എടുത്തോ ബൗണ്ടറി നേടിയോ വിജയിക്കരുത്'. അങ്ങനെ 11 താരങ്ങളും 30 യാർഡ് സർക്കിളിനുള്ളിൽ ഫിൽഡിങ്ങിന് അണിനിരന്നു.

മൂന്നാം പന്തിൽ റൺസില്ല. നാലാം പന്തിൽ ക്ലൂസനർ അടിച്ച പന്ത് മിഡ് ഓഫിലേക്ക് നീങ്ങി. ക്ലൂസനർ റണ്ണിനായി ഓടിയപ്പോൾ അലൻ ഡൊണാൾഡ് ഓടിയില്ല. ക്ലൂസനർ ഓടിയെത്തിയത് കണ്ട് ഡൊണാൾഡ് റണ്ണിനായി ഓടി. ആദ്യം മാർക്ക് വോ പന്ത് ഡാനിയേൽ ഫ്ലെമിങ്ങിന്റെ കൈകളിൽ എത്തിച്ചു. ഫ്ലെമിങ്ങ് പന്ത് ആദം ഗിൽക്രിസ്റ്റിന് കൈമാറി. ഈ സമയത്ത് അലൻ ഡൊണാൾഡിന് ഓടിയെത്താൻ കഴിഞ്ഞില്ല. ഡൊണാൾഡ് റൺഔട്ടായതോടെ മത്സരം ടൈയിലായി. സൂപ്പർ സിക്സിലെ ജയത്തിന്റെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയ ഫൈനലിലേക്ക്. കലാശപ്പോരിൽ പാകിസ്താനെ മറികടന്ന് ഓസ്ട്രേലിയ ലോകകിരീടം ഉയർത്തി.

Content Highlights: Jimmy Neesham recreated Gibbs off 1999 World Cup

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us