ഇന്ത്യ- ഇംഗ്ലണ്ട് ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തിൽ പരിശീലകൻ ഗൗതം ഗംഭീറിനെയും ക്യാപ്റ്റൻ സൂര്യകുമാറിനെയും പ്രശംസിച്ച് ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി. പുറത്ത് നടക്കുന്ന പല തരം വിവാദങ്ങളെയും ചർച്ചകളെയും ദൂരേയ്ക്ക് നിർത്തുന്നതായിരുന്നു ഇവരുടെ നേതൃത്വ മികവെന്നും കളിക്കാരുടെ ബാഹ്യ സമ്മർദ്ദങ്ങളിൽ ശ്രദ്ധ വ്യതിചലിക്കാതിരിക്കാൻ ഇവർ നടത്തിയ ശ്രമങ്ങൾ വലുതാണെന്നും ഗംഭീർ പറഞ്ഞു.
തൻ്റെ സ്വന്തം വേദിയായ ചെപ്പോക്കിൽ തൻ്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതിന്റെ സന്തോഷവും വരുൺ പങ്കുവെച്ചു.' ഒരുപാട് കാലത്തിന് ശേഷം ചെന്നൈയിലേക്ക് മടങ്ങുകയാണ് ഞാൻ, എന്റെ അടിത്തറയിലേക്കാണ് ഞാൻ മടങ്ങുന്നത്. എനിക്ക് ഇത് വളരെ പ്രധാനപ്പെട്ട ദിവസമായി ഞാൻ കാണുന്നു. എൻ്റെ മാതാപിതാക്കൾക്കും വീട്ടുകാർക്കും മുന്നിൽ എൻ്റെ രാജ്യത്തിനായി കളിക്കുന്നു. ഇത് എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്', അദ്ദേഹം പറഞ്ഞു.
അതേ സമയം ഇന്ത്യൻ ക്രിക്കറ്റിൽ ഗംഭീർ-സൂര്യകുമാർ കോംബോ വിജയകരമായി തന്നെ തുടരുകയാണ്. ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും നടന്ന ടി 20 പരമ്പരകൾ ഇന്ത്യ തൂത്തുവാരിയിരുന്നു. പക്ഷെ ടെസ്റ്റിൽ ഗംഭീർ-രോഹിത് കോംബോ അമ്പേ പരാജയപ്പെട്ടു. ന്യൂസിലാൻഡിനെതിരെയുള്ള സ്വന്തം മണ്ണിൽ നടന്ന പരമ്പരയും ഓസീസ് പരമ്പരയും അടിയറവ് വെച്ചു. ശ്രീലങ്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയും ഗംഭീറിന് കീഴിൽ ഇന്ത്യ നഷ്ടപ്പെട്ടിരുന്നു.
ഇന്ത്യ- ഇംഗ്ലണ്ട് ടി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. രണ്ടാം മത്സരവും വിജയിച്ച് ഇംഗ്ലണ്ടിനുമേൽ ആധിപത്യം ഉയർത്താനാവും ഇന്ത്യൻ ശ്രമം. രണ്ടാം മത്സരം വിജയിച്ച് പരമ്പരയിൽ ഒപ്പമെത്താനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ മത്സരത്തിൽ വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റുമായി തിളങ്ങിയിരുന്നു.
Content Highlights: they keep externel voice away; varun chakravarthy on surya-gambhir combo