ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിലെ വിജയത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. തീർച്ചയായും മത്സരത്തിലെ വിജയത്തിൽ തനിക്ക് വലിയ സന്തോഷമാണുള്ളത്. ഇന്ത്യയ്ക്ക് വിജയിക്കാൻ കഴിയാവുന്ന ലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. എങ്കിലും ഇംഗ്ലണ്ട് നന്നായി പന്തെറിഞ്ഞു. മത്സരം അവസാന ഓവർ വരെ നീണ്ടത് ആവേശകരമായെന്നും മത്സരശേഷം സൂര്യകുമാർ യാദവ് പറഞ്ഞു.
കഴിഞ്ഞ രണ്ട്, മൂന്ന് പരമ്പരകളിൽ ഒരു അധിക ബാറ്ററെ ഉൾപ്പെടുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ആ ബാറ്ററിന് രണ്ട്, മൂന്ന് ഓവർ കളിക്കാൻ കഴിയണം. സാധാരണ കളിക്കുന്നതുപോലെ മാത്രം കളിച്ചാൽ മതിയെന്നാണ് ഓരോ താരത്തോടും താൻ പറയാറുള്ളത്. ഇന്ത്യ ആക്രമണ ശൈലിയിലാണ് കളിക്കുന്നത്. എങ്കിലും സാഹചര്യങ്ങൾക്ക് അനുസരിച്ച് ചെറിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കി ഇന്ത്യൻ ടീം മുന്നോട്ടുപോകുന്നുണ്ടെന്നും സൂര്യകുമാർ ചൂണ്ടിക്കാട്ടി.
അക്സർ പട്ടേൽ പുറത്തായപ്പോഴുണ്ടായ വികാരത്തെക്കുറിച്ചും സൂര്യകുമാർ പ്രതികരിച്ചു. താൻ ഡഗ് ഔട്ടിൽ ഇരിക്കുകയായിരുന്നു. ഇതെല്ലാം ക്രിക്കറ്റിന്റെ ഭാഗമാണ്. തിലക് ബാറ്റ് ചെയ്ത രീതിയിൽ സന്തോഷമുണ്ട്. അതിൽ നിന്ന് എല്ലാവർക്കും പഠിക്കാനുണ്ട്. ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് തിലക് ബാറ്റ് ചെയ്തു. രവി ബിഷ്ണോയി നെറ്റ്സിൽ ബാറ്റിങ് പരിശീലിക്കാറുണ്ട്. ബിഷ്ണോയ്ക്കും ബാറ്റിങ്ങിൽ സംഭാവന നൽകാൻ ആഗ്രഹമുണ്ട്. അതുപോലെ അർഷ്ദീപിന്റെ സംഭാവനയും താൻ മറക്കുന്നില്ലെന്നും സൂര്യകുമാർ യാദവ് വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യ രണ്ട് വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. മുൻനിര താരങ്ങൾ നിരാശപ്പെടുത്തിയ ഇന്ത്യൻ ബാറ്റിങ് നിരയിൽ കീഴടങ്ങാതെ പോരാടിയ തിലക് വർമയാണ് ആവേശകരമായ വിജയമൊരുക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി പറഞ്ഞ ഇന്ത്യ 19.2 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
45 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്ലറാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ബ്രൈഡൻ കാർസ് 31, ജാമി സ്മിത്ത് 22 എന്നിങ്ങനെ സ്കോർ ചെയ്തു. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ് ഇന്ത്യയ്ക്ക് ഒട്ടും എളുപ്പമായിരുന്നില്ല. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബാറ്റർമാർ വിക്കറ്റ് നഷ്ടപ്പെടുത്തി. ഒരറ്റത്ത് കീഴടങ്ങാതെ പൊരുതിയ തിലക് വർമ 55 പന്തിൽ 72 റൺസുമായി പുറത്താകാതെ നിന്നു. നാല് ഫോറും അഞ്ച് സിക്സും സഹിതമായിരുന്നു തിലകിന്റെ ഇന്നിംഗ്സ്. തിലകിനെ കൂടാതെ 26 റൺസെടുത്ത വാഷിങ്ടൺ സുന്ദർ മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഇംഗ്ലണ്ടിനായി ബ്രൈഡൻ കാർസ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: Suryakumar Yadav expressed his relief after second t20i win