കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമായി ഇന്ത്യയുടെ സ്റ്റാർ ബാറ്റർ സ്മൃതി മന്ദാനയെ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം താരം അത്ഭുത പ്രകടനമാണ് നടത്തിയിരുന്നത്. കളിച്ച 13 ഏകദിനങ്ങളില്‍ നാല് സെഞ്ച്വറികളും മൂന്ന് അര്‍ധസെഞ്ച്വറികളും അടക്കം 747 റണ്‍സാണ് മന്ദാന 2024 ൽ നേടിയത്.
ഇത് രണ്ടാം തവണയാണ് സ്മൃതി മന്ദാന ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമാകുന്നത്. 2018ലാണ് ഇതിന് മുമ്പ് മന്ദാന ഇതിനു മുമ്പ് ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമാകുന്നത്. ഇതോടെ ന്യൂസിലന്‍ഡിന്‍റെ സൂസി ബേറ്റ്സിനുശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡും സ്മൃതി സ്വന്തമാക്കി. 2013ലും 2016ലുമാണ് ബേറ്റ്സ് മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡ്, ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമിതി അത്തപ്പത്തു ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ അന്നാബെല്‍ സതര്‍ലാന്‍ഡ് എന്നിവരെ പിന്തള്ളിയാണ് മന്ദാന മികച്ച വനിതായ ഏകദിന താരമായത്. പുരുഷ താരങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായിയാണ് മികച്ച ഏകദിന താരം.
ടി20 ലോകകപ്പ് വര്‍ഷമായതിനാല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യൻ പുരുഷ ടീം ആറ് ഏകദിനങ്ങളില്‍ മാത്രമാണ് കളിച്ചതെന്നതിനാല്‍ ഒരു ഇന്ത്യൻ താരം പോലും ഏകദിനത്തിലെ താരമാകാനുള്ള പട്ടികയിലുണ്ടായിരുന്നില്ല. നേരത്തെ കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഐസിസിയുടെ ഏകദിന ഇലവനിലും ഒരൊറ്റ ഇന്ത്യൻ താരങ്ങളില്ലായിരുന്നു.
Content Highlights: ICC Women's ODI Cricketer of the Year; Smriti Mandhana