'രഞ്ജി ട്രോഫി സീസണിൽ കേരളം പുറത്തെടുത്തത് എറ്റവും മികച്ച ക്രിക്കറ്റ്': സച്ചിൻ ബേബി

പരിക്കിനെ അവഗണിച്ച് ബാറ്റിങ്ങിനിറങ്ങിയ ബാബ അപരജിത്തിനെയും സച്ചിൻ അഭിനന്ദിച്ചു

dot image

രഞ്ജി ട്രോഫി സീസണിൽ കേരളം പുറത്തെടുത്തത് ഏറ്റവും മികച്ച ക്രിക്കറ്റാണെന്ന് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി. കഴിഞ്ഞ ദിവസം അവസാനിച്ച മധ്യപ്രദേശിനെതിരായ മത്സരത്തിൽ പൊരുതി നേടിയ സമനിലയ്ക്ക് പിന്നാലെയാണ് സച്ചിൻ ബേബിയുടെ പ്രതികരണം. ഈ സീസണിൽ കേരളം എല്ലാ ടീമുകൾക്കെതിരെയും ഏറ്റവും മികച്ച ക്രിക്കറ്റ് പുറത്തെടുത്തു. സീസണിൽ കേരളം ഇപ്പോൾ ഏറ്റവും മികച്ചൊരു നിലയിലാണുള്ളത്. ഒടുവിൽ ആറ് വർഷം മുമ്പാണ് കേരളം രഞ്ജി ട്രോഫിയുടെ ക്വാർട്ടർ ഫൈനൽ കളിച്ചത്. ഇത്തവണ കേരളത്തിന് ​നോക്കൗട്ട് മത്സരങ്ങൾ കളിക്കണമെന്നും സച്ചിൻ ബേബി വ്യക്തമാക്കി.

പരിക്കിനെ അവ​ഗണിച്ച് ബാറ്റിങ്ങിനിറങ്ങിയ ബാബ അപരജിത്തിനെയും സച്ചിൻ അഭിനന്ദിച്ചു. നാലാം ദിവസം പൂർണമായും കളിക്കുക എന്നതായിരുന്നില്ല കേരള ടീമിന്റെ പദ്ധതി. ഒരോ സെഷനിലും നന്നായി കളിക്കുകയായിരുന്നു തീരുമാനം. മൂന്നാം ദിവസം അവസാന പന്തിൽ കേരളത്തിന്റെ ആദ്യ വിക്കറ്റ് നഷ്ടമായി. അവസാന ദിവസം രാവിലെ രണ്ട് വിക്കറ്റ് കൂടി നഷ്ടമായാൽ മത്സരം പരാജയപ്പെട്ടേക്കുമെന്ന് കേരളം കരുതിയിരുന്നു. നിർഭാ​ഗ്യവശാൽ നാല് വിക്കറ്റുകൾ കൂടി രാവിലത്തെ സെഷനിൽ കേരളത്തിന് നഷ്ടമായി. ഇപ്പോഴും താൻ വിശ്വസിക്കുന്നത് പരിക്കിന്റെ പിടിയിലായിരുന്ന ബാബ അപരജിത്ത് 10-ാമനായി ക്രീസിലെത്തുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തത് മത്സരത്തിൽ നിർണായകമായെന്നാണ്. സച്ചിൻ ബേബി വ്യക്തമാക്കി.

പരിക്കേറ്റ ബാബ അപരജിത്ത് ബിഹാറിനെതിരെ ജനുവരി 30ന് ആരംഭിക്കുന്ന അവസാന മത്സരം കളിക്കില്ലെന്ന് സച്ചിൻ സ്ഥിരീകരിച്ചു. സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും നാല് സമനിലയുമുള്ള കേരളം 21 പോയിന്റുമായി ടേബിളിൽ രണ്ടാം സ്ഥാനത്താണ്. ബിഹാറിനെതിരായ അവസാന മത്സരം വിജയിക്കാനായാൽ കേരളത്തിന് ക്വാർട്ടർ പ്രവേശനം ഉറപ്പാക്കാം.

Content Highlights: Kerala has played its best cricket against all teams this Ranji Trophy season, says captain Sachin Baby

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us