'ജുറലിനെ എട്ടാമതായി ഇറക്കിയത് എന്തടിസ്ഥാനത്തിൽ?'; ഇന്ത്യയുടെ ബാറ്റിങ് ഓർഡറിനെ വിമർശിച്ച് പീറ്റേഴ്‌സണ്‍

തുടർച്ചയായ മൂന്നാം മത്സരത്തിലും ആർച്ചറിന്റെ ഷോർട്ട് ബോളിൽ വീണ സഞ്ജു സാംസണിന് മുൻ ഇംഗ്ലിഷ് താരം പിന്തുണ അറിയിച്ചു

dot image

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20യിലെ ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറിനെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. ഓപ്പണിങ് ബാറ്ററായി വരെ കഴിവ് തെളിയിച്ച ധ്രുവ് ജുറലിനെ എട്ടാമത് കളിപ്പിച്ചത് എന്ത് കൊണ്ടാണെന്ന് പീറ്റേഴ്‌സണ്‍ ചോദിച്ചു. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടണ്‍ സുന്ദറിനും ശേഷമാണ് ജുറൽ ഇറങ്ങിയത്. നാല് പന്തില്‍ രണ്ട് റണ്‍സുമായി ജുറല്‍ പുറത്താവുകയും ചെയ്തു.

'ധ്രുവ് ജുറലിനെപ്പോലെ ഒരു മികച്ച ബാറ്ററെ എന്തിനാണ് അവസാനത്തേക്ക് മാറ്റിയതെന്ന് എനിക്ക് അറിയില്ല. തീര്‍ച്ചയായും അയാള്‍ സമ്മര്‍ദത്തിലാണ് കളിച്ചുണ്ടാവുക. അതാണ് പെട്ടെന്ന് തന്നെ അദ്ദേഹം മടങ്ങാൻ കാരണം. ഇടതും വലതും കോമ്പിനേഷൻ സൃഷ്ടിക്കുവാൻ ഇന്ത്യ അവരുടെ സ്വാഭാവിക ബാറ്റിങ് ഓർഡർ നശിപ്പിക്കുകയാണ്' പീറ്റേഴ്‌സണ്‍ പറഞ്ഞു.

അതേസമയം ഇംഗ്ലണ്ടിനെതിരായ തുടർച്ചയായ മൂന്നാം മത്സരത്തിലും പേസ് ബോളർ ജോഫ്ര ആർച്ചറിന്റെ ഷോർട്ട് ബോളിൽ വീണ സഞ്ജു സാംസണിന് മുൻ ഇംഗ്ലിഷ് താരം പിന്തുണ അറിയിച്ചു. മാനസികമായി കരുത്തനായ താരമാണ് സഞ്ജുവെന്നും, അദ്ദേഹത്തിന്റെ സാങ്കേതിക തികവിനെ നിലവിലെ സാഹചര്യത്തിൽ സംശയിക്കേണ്ടതില്ലെന്നും പീറ്റേഴ്സണ്‍ അഭിപ്രായപ്പെട്ടു. ട്വന്റി20 ഫോർമാറ്റിൽ ഇതെല്ലാം സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. അമ്പാട്ടി റായിഡു ഉൾപ്പെടെയുള്ളവർ സഞ്ജുവിനെ വിമർശിച്ച് രംഗത്തെത്തിയ സാഹചര്യത്തിൽ കൂടിയായിരുന്നു പീറ്റേഴ്സണിന്റെ പിന്തുണ.

അതേസമയം ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടി 20 യിൽ ഇംഗ്ലണ്ട് 26 റൺസിന്റെ ജയമാണ് നേടിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ തിരിച്ചുവരാൻ ഇംഗ്ലണ്ടിനായി. ആദ്യ രണ്ട് മത്സരവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 171 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 145 റൺസാണ് നേടിയത്.

Content Highlights: kevin pietersen slams india batting order in 3rd t20

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us