ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിൽ തോൽവി വഴങ്ങിയതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ബാറ്റിങ് ഓർഡറിനെ ചൊല്ലിയും ടീം സെലക്ഷനെ ചൊല്ലിയും നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിൽ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയാണ്.
നാല് സ്പിന്നർമാരെ ഉൾപ്പെടുത്തി ചെന്നൈയിലും രാജ്കോട്ടിലും ഇറങ്ങിയിട്ടും എന്തുകൊണ്ടാണ് അവരെക്കൊണ്ട് ബോൾ ചെയ്യിക്കാത്തതെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര ചോദിച്ചു. രണ്ടു മത്സരങ്ങളിലും വാഷിങ്ടൻ സുന്ദർ ഓരോ ഓവർ മാത്രമാണ് ബോൾ ചെയ്തതെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. മികച്ച ബാറ്ററായ ധ്രുവ് ജുറേൽ ഇറങ്ങാനിരിക്കെ, വാഷിങ്ടൺ സുന്ദറിനെയും അക്ഷർ പട്ടേലിനെയും നേരത്തേ ബാറ്റിങ്ങിന് അയച്ചതിനെയും മുൻ താരം വിമർശിച്ചു.
‘നാലു സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തണമെന്ന് നിർബന്ധമാണെന്ന് നിങ്ങൾ പറയുന്നു. അത് അംഗീകരിക്കാം. പക്ഷേ, ആ നാല് പേർക്കും പരമാവധി ബോൾ ചെയ്യാവുന്ന 16 ഓവർ പൂർണമായും എറിയിക്കുന്നുണ്ടോ? ചെയ്യുന്നില്ലെന്നാണ് രണ്ടു കളികളിലെയും അനുഭവം. അങ്ങനെയെങ്കിൽ സ്പിന്നർമാർക്ക് വേണ്ടി പേസർമാരുടെ എണ്ണം കുറയ്ക്കുന്നത് എന്തിനാണ്, ഷമിയെയും അർഷ്ദീപ് സിങ്ങിനെയും ഒരുമിച്ചിറക്കിയാൽ എന്താണ് പ്രശ്‌നം',ചോപ്ര ചോദിച്ചു. കഴിഞ്ഞ മാസത്തിൽ നീണ്ട കാലത്തെ പരിക്കിന് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ ഷമിയ്ക്ക് വേണ്ടി പരമ്പരയിൽ മിന്നും പ്രകടനം നടത്തിയിരുന്ന അർഷ്ദീപിനെ പുറത്തിരുത്തിയിരുന്നു.
പേസ് ബോളർമാരെ വേണ്ടവിധം ഉപയോഗിക്കാത്തതിനെയും ചോപ്ര വിമർശിച്ചു. മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, ഹാർദിക് പാണ്ഡ്യ, ഹർഷിത് റാണ എന്നിവരാണ് പേസ് ബോളിങ് സാധ്യതകളായി ടീമിലുള്ളത്. പക്ഷേ, ഏറ്റവും സന്തുലിതമായ രീതിയിൽ ഇവരെ ഉപയോഗപ്പെടുത്താൻ ടീമിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടി.
Content Highlights: akash chopra criticise india batting order and selction in t20 series