നീണ്ട 12 വർഷത്തിന് ശേഷം രഞ്ജി ട്രോഫിയിലേക്ക് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി തിരിച്ചെത്തിയിരിക്കുകയാണ്. കോഹ്ലി തിരിച്ചെത്തിയ മത്സരത്തിൽ ടോസ് നേടിയ ഡൽഹി റെയിൽവേസിനെതിരെ ബൗളിങാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇപ്പോഴിതാ കോഹ്ലി അവസാനം രഞ്ജി കളിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് മുൻ താരം മുഹമ്മദ് കൈഫ്. അന്ന് കോഹ്ലിയുടെ എതിർടീമിലുണ്ടായിരുന്ന കൈഫ് പറയുന്നത് അന്ന് കോഹ്ലിക്കുണ്ടായിരുന്ന ബാറ്റിങ്ങിലെ ആ ദൗർബല്യം ഇപ്പോഴുമുണ്ട് എന്നതാണ്.
'അന്നത്തെ കളിയിൽ എല്ലാ വമ്പൻ താരങ്ങളുമുണ്ടായിരുന്നു. ഉത്തർപ്രദേശിനായി സുരേഷ് റെയ്ന, ഭുവനേശ്വർ കുമാർ, പ്രവീൺ കുമാർ എന്നിവർ. ഡൽഹിയെക്കുറിച്ച് പറയുമ്പോൾ വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ, വിരാട് കോഹ്ലി, ആശിഷ് നെഹ്റ, ഇഷാന്ത് ശർമ എന്നിവരും ഉണ്ടായിരുന്നു. മത്സരത്തിൽ ഭുവനേശ്വറിന്റെ ഓഫ് സൈഡ് ബോളിന് ബാറ്റ് വെച്ചാണ് രണ്ട് ഇന്നിങ്സിലും കോഹ്ലി പുറത്തായത്. അതേ തെറ്റ് 12 വർഷങ്ങൾ കഴിഞ്ഞും കോഹ്ലി തിരുത്തിയില്ല എന്ന് കാണുമ്പോൾ അത്ഭുതം തോന്നുന്നു,' കൈഫ് വിശദമാക്കി.
2012 നവംബറിൽ ഡൽഹി ഗാസിയാബാദിൽ ആതിഥേയരായ ഉത്തർപ്രദേശിനെ നേരിട്ട കോഹ്ലി രണ്ട് ഇന്നിങ്സുകളിലായി 14, 43 എന്നീ റൺസുകൾക്കായിരുന്നു പുറത്തായിരുന്നത്. രണ്ട് തവണയും ഭുവനേശ്വർ കുമാറിൻ്റെ ഓഫ് സൈഡ് ട്രാപ്പിലായിരുന്നു കോഹ്ലി മടങ്ങിയിരുന്നത്.
ഓസ്ട്രേലിയൻ പര്യടനത്തിലുടനീളം കോഹ്ലി പുറത്തായതും സമാന രീതിയിലായിരുന്നു. ഇതോടെ ഒരു ഇന്നിങ്സിൽ താരത്തിന് സെഞ്ച്വറി നേടാൻ കഴിഞ്ഞെങ്കിലും ആകെ 9 ഇന്നിങ്സിൽ191 റൺസ് മാത്രമാണ് ചേർക്കാനായത്. കോഹ്ലി ഓഫ് സൈഡ് ട്രാപ്പുകളിൽ സ്ഥിരമായി കീഴടങ്ങുന്നതിൽ മുൻ ഇന്ത്യൻ താരങ്ങളടക്കം വിമർശനം ഉന്നയിച്ചിരുന്നു.
ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശവും സമീപകാലത്തെ മോശം ഫോമുമാണ് കോഹ്ലി രഞ്ജി ട്രോഫി കളിക്കാന്‍ കാരണമായത്. അതേ സമയം എലൈറ്റ് ഗ്രൂപ്പ് ഡി പോയിന്റ് പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനത്തുള്ള ഡല്‍ഹിയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചിട്ടുണ്ട്. റെയില്വേസാകട്ടെ നാലാം സ്ഥാനത്താണിപ്പോള്‍. റെയില്‍വേസിനെതിരായ രഞ്ജി മത്സരം കളിച്ച ശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കാനായി കോഹ്ലി നാഗ്പൂരിലേക്ക് പോകും. ഫെബ്രുവരി ആറിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ആരംഭിക്കുന്നത്.
Content Highlights: mohammed kaif share ranji trophy experience with kohli