രഞ്ജി ട്രോഫിയിൽ കേരളം ഇന്ന് നിർണ്ണായക മത്സരത്തിനിറങ്ങുന്നു. ക്വാർട്ടർ പ്രതീക്ഷയുമായി അവസാന ഗ്രൂപ്പ് മത്സരത്തിന് ഇറങ്ങുന്ന കേരളത്തിന് ബിഹാറാണ് എതിരാളികൾ. രാവിലെ 9.30 മുതൽ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. മധ്യപ്രദേശിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ സമനില നേടാൻ കഴിഞ്ഞതിലൂടെ ക്വാർട്ടർ സാധ്യത കേരളം നിലനിർത്തിയിരുന്നു.
എലൈറ്റ് ഗ്രൂപ്പ് സിയില്‍ ആറു കളികളില്‍നിന്ന് രണ്ട് ജയവും നാല് സമനിലയും സഹിതം 21 പോയന്റുമായി കേരളം രണ്ടാം സ്ഥാനത്താണ്. മൂന്ന് ജയവും മൂന്ന് സമനിലകളുമായി 26 പോയന്റുള്ള ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്. 19 പോയിന്റുമായി കര്‍ണാടക മൂന്നാമതുണ്ട്. പഞ്ചാബിനെതിരെ ഇന്നിങ്സ് ജയം നേടിയാണ് കര്‍ണാടക മൂന്നാം സ്ഥാനത്തേയ്ക്ക് എത്തിയത്.
കേരളത്തിന്റെ എതിരാളികളായ ബിഹാര്‍ കളിച്ച ആറ് കളികളില്‍ അഞ്ചിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. അത് കൊണ്ട് തന്നെ ബിഹാറിനെ തോൽപ്പിക്കാൻ കഴിയുമെന്ന ആത്മ വിശ്വാസത്തിലാണ് കേരളം, മൂന്നാം സ്ഥാനത്തുള്ള കർണാടകയ്ക്ക് അടുത്ത മത്സരം ശക്തരായ ഹരിയാനയോടാണ്.
അവസാന മത്സരത്തില്‍ ബിഹാറിനെതിരെ ജയം നേടിയാല്‍ നിലവില്‍ കേരളത്തിന് ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ഹരിയാനക്കെതിരായ മത്സരത്തില്‍ കര്‍ണാടക ഇന്നിങ്സ് ജയം നേടിയാലും പിന്നീട് കേരളത്തെ മറികടക്കാന്‍ കഴിയില്ല. ഒന്നാം സ്ഥാനത്തുള്ള ഹരിയാനക്കാകട്ടെ കര്‍ണാടകക്കെതിരായ മത്സരം എവേ മത്സരമാണ്. കര്‍ണാടകക്കെതിരെ സമനില നേടിയാലും തോറ്റാല്‍ പോലും ഹരിയാനയ്ക്ക് ക്വാർട്ടർ പ്രതീക്ഷയുണ്ട്. കര്‍ണാടകക്കെതിരെ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയില്ലെങ്കില്‍ ഹരിയാനയ്ക്ക് ക്വാര്‍ട്ടറിലെത്താനാവും.
Content Highlights: Ranji trophy kerala chances for qaurter final 2025