രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഭേദപ്പെട്ട സ്‌കോറിലേക്ക്. ബിഹാറിനെതിരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ് കേരളം. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം സല്‍മാന്‍ നിസാര്‍ പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് കേരളത്തിന് കരുത്തായത്.
ആദ്യ ദിനത്തിലെ മത്സരം അവസാനിച്ചപ്പോള്‍ 111 റണ്‍സുമായി സല്‍മാന്‍ നിസാര്‍ ക്രീസില്‍ തുടരുകയാണ്. ഒരു റണ്‍സുമായി വൈശാഖ് ചന്ദ്രനാണ് ഒപ്പമുള്ളത്. ആറാമനായി ക്രീസിലെത്തി 11 ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് സല്‍മാന്‍ നിസാര്‍ ഗംഭീര ഇന്നിങ്‌സ് പുറത്തെടുത്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ കന്നി സെഞ്ചുറിയാണ് ഇരുപത്തേഴുകാരനായ സല്‍മാന്‍ നിസാർ കുറിച്ചത്.
ഷോണ്‍ റോജര്‍ അര്‍ധ സെഞ്ച്വറി നേടി മികച്ച സംഭാവന നല്‍കി. താരം 119 പന്തില്‍ ഒന്‍പത് ബൗണ്ടറി സഹിതം 59 റണ്‍സ് നേടി പുറത്തായി. 38 റണ്‍സുമായി ഓപണര്‍ അക്ഷയ് ചന്ദ്രന്‍ തിളങ്ങിയപ്പോള്‍ വാലറ്റത്ത് എം ഡി നിധീഷ് 30 റണ്‍സെടുത്ത് നിര്‍ണായക പ്രകടനം കാഴ്ച വെച്ചു.
ടോസ് നേടിയ കേരളം ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 81 റണ്‍സ് ചേര്‍ക്കുന്നതിനിടെ കേരളത്തിന് നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് കേരളം മത്സരം തിരികെ പിടിക്കുകയായിരുന്നു.
Content Highlights: Ranji Trophy: Salman Nizar's maiden first-class ton rescues Kerala from verge of collapse