രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലേക്ക് മടങ്ങിവന്നിരിക്കുകയാണ് സൂപ്പർ താരം വിരാട് കോഹ്ലി. 12 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് താരം രഞ്ജി ട്രോഫി കളിക്കുന്നത്. 2012ൽ ഒടുവിൽ രഞ്ജി ട്രോഫി കളിച്ചപ്പോൾ 14, 43 എന്നിങ്ങനയെയായിരുന്നു കോഹ്ലിയുടെ സ്കോറുകൾ. രണ്ട് ഇന്നിംഗ്സിലും കോഹ്ലി വീണത് ഭുവനേശ്വർ കുമാറിന് മുന്നിലാണ്.
അന്ന് ഉത്തർപ്രദേശും ഡൽഹിയും തമ്മിലായിരുന്നു മത്സരം. ഉത്തർപ്രദേശ് ടീമിൽ സുരേഷ് റെയ്ന, മുഹമ്മദ് കൈഫ്, ഭുവന്വേശർ കുമാർ, പ്രവീൺ കുമാർ തുടങ്ങിയവരെല്ലാം കളിച്ചിരുന്നു. ഡൽഹി ടീമിൽ വിരേന്ദർ സെവാഗ്, ഗൗതം ഗംഭീർ, വിരാട് കോഹ്ലി, ആശിഷ് നെഹ്റ, ഇഷാന്ത് ശർമ എന്നിവരും ഉണ്ടായിരുന്നു.
ആദ്യ ഇന്നിംഗ്സിൽ ഒരു ഡ്രൈവിനായി ശ്രമിച്ച വിരാട് കോഹ്ലിക്ക് വിക്കറ്റ് നഷ്ടമായി. 14 റൺസുമായി മടങ്ങിയ താരത്തിന്റെ ക്യാച്ച് ഇന്ത്യൻ മുൻ താരം കൂടിയായ മുഹമ്മദ് കൈഫ് സ്ലിപ്പിൽ പിടികൂടി. രണ്ടാം ഇന്നിംഗ്സിൽ 43 റൺസെടുത്ത കോഹ്ലിയെ വിക്കറ്റ് കീപ്പർ ആയിരുന്ന ആമിർ ഖാൻ പിടികൂടി.
മത്സരത്തിൽ ഉത്തർപ്രദേശ് ആറ് വിക്കറ്റിനും വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഒന്നാം ഇന്നിംഗ്സിൽ 235 റൺസിൽ എല്ലാവരും പുറത്തായി. 52 റൺസെടുത്ത പുനിത് ബിഷ്ത്ത് ആയിരുന്നു ഡൽഹി നിരയിൽ തിളങ്ങിയത്. 403 റൺസായിരുന്നു ഒന്നാം ഇന്നിംഗ്സിൽ ഉത്തർപ്രദേശിന്റെ മറുപടി. മുകുൾ ഡാഗർ 116 റൺസെടുത്തപ്പോൾ മുഹമ്മദ് കൈഫ് 91 റൺസ് സംഭാവന ചെയ്തു. ക്യാപ്റ്റൻ സുരേഷ് റെയ്ന 55 റൺസും വാലറ്റത്ത് പ്രവീൻ കുമാർ 51 റൺസും നേടി. 168 റൺസായിരുന്നു ഉത്തർപ്രേദശിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്.
രണ്ടാം ഇന്നിംഗ്സിൽ ഡൽഹിൽ 322 റൺസ് നേടി. മധ്യനിരയിൽ ബാറ്റിങ്ങിനെത്തിയ ക്യാപ്റ്റൻ വിരേന്ദർ സെവാഗ് 107 റൺസെടുത്തു. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ 154 റൺസിന്റെ ലീഡാണ് ഡൽഹിക്ക് നേടാനായത്. നാല് വിക്കറ്റ് നഷ്ടത്തിൽ ഉത്തർപ്രദേശ് ലക്ഷ്യം മറികടന്നു.
Content Highlights: What has done when Virat Kohli last appeared in Ranji Trophy