ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തില്‍ ഷോര്‍ട്ട് ബോള്‍ ആക്രമണത്തെ സഞ്ജു സാംസണ് എങ്ങനെ നേരിടുമെന്ന് കാണാൻ കാത്തിരിക്കുകയാണെന്ന് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരങ്ങളിലും മോശം പ്രകടനമാണ് ഇന്ത്യയുടെ ഓപണിങ് ബാറ്ററായ സഞ്ജു പുറത്തെടുത്തത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആകെ 34 റണ്‍സ് മാത്രമാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് നേടാനായത്.
മൂന്ന് മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറുടെ ബോളില്‍ പുള്‍ ഷോട്ട് കളിക്കുന്നതിനിടെ പുറത്തായ സഞ്ജുവിനെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമായിരുന്നു. ഇതിനിടെയാണ് നാലാം ടി20യില്‍ ആര്‍ച്ചറുടെ ഭീഷണിയെ സഞ്ജു എങ്ങനെ നേരിടുമെന്ന് കാണാന്‍ കാത്തിരിക്കുന്നെന്ന് പറഞ്ഞ് ആകാശ് ചോപ്ര രംഗത്തെത്തിയത്. മലയാളി താരത്തിന് സമ്മര്‍ദ്ദത്തിന്റെയും പ്രതീക്ഷയുടെയും ഉത്തരവാദിത്തത്തിന്റെയും അധിക ഭാരം ഉണ്ടായിരിക്കുമെന്നും യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.
'നമുക്ക് സഞ്ജു സാംസണെ കുറിച്ച് പറയാം. ഇപ്പോള്‍ നാലാമത്തെ മത്സരമാണ്. ജോഫ്ര ആര്‍ച്ചര്‍ വീണ്ടും നിങ്ങള്‍ക്ക് എതിരെ വരും. നിങ്ങള്‍ ഇനിയും എങ്ങനെയാണ് പ്രതികരിക്കാന്‍ പോവുന്നതെന്ന ചിന്ത എല്ലാവര്ക്കും ഉണ്ടാകും', ആകാശ് ചോപ്ര പ്രതികരിച്ചു.
ഇംഗ്ലണ്ടിന്റെ മറ്റു ബൗളര്‍മാരും സഞ്ജുവിനെതിരെ സമാനമായ ഷോര്‍ട്ട് ബോള്‍ തന്ത്രം പ്രയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും ചോപ്ര ചൂണ്ടിക്കാട്ടി. 'ഒരേ ബൗളറോട് സമാനമായ രീതിയില്‍ പുറത്തായാല്‍ നിങ്ങള്‍ വീണ്ടും ചോദ്യം ചെയ്യപ്പെടും. ആര്‍ച്ചര്‍ മാത്രമല്ല മറ്റുള്ള ബൗളര്‍മാരും സമാന രീതിയില്‍ സഞ്ജുവിനെ ആക്രമിച്ചേക്കും. സഞ്ജുവിനെ സംബന്ധിച്ച് ഇന്നും ഒരുപാട് ബൗണ്‍സറുകള്‍ നേരിടേണ്ടതായി വരും. ഇന്ന് അദ്ദേഹം എന്ത് തന്ത്രവുമായിട്ടാണ് ഇറങ്ങുന്നത് എന്ന് എനിക്ക് കാണണം. സഞ്ജു തിരിച്ചടിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍', ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് പൂനെയില്‍ രാത്രി ഏഴ് മുതല്‍ നടക്കും. പരമ്പരയില്‍ ആദ്യ രണ്ട് മത്സരവും ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ മൂന്നാം മത്സരം ജയിച്ച് ഇംഗ്ലണ്ട് തിരിച്ചുവന്നിരുന്നു. നാലാം മത്സരത്തില്‍ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കാന്‍ ഇറങ്ങുമ്പോള്‍ ജയത്തോടെ പരമ്പരയില്‍ ഒപ്പത്തിനൊപ്പം പിടിക്കാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
ആദ്യ മൂന്ന് മത്സരങ്ങളിലും തിളങ്ങാന്‍ കഴിയാതിരുന്ന മലയാളി താരം സഞ്ജു സാംസണും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ജോഫ്ര ആര്‍ച്ചറുടെ വേഗമേറിയ ഷോര്‍ട്ട് ബോളുകള്‍ക്ക് മുന്നിലാണ് മൂന്ന് കളികളിലും താരം പുറത്തായത്. കഴിഞ്ഞ മത്സരത്തിന് മുന്നോടിയായി ഇത്തരം പന്തുകള്‍ നേരിടാന്‍ സിമന്റ് പിച്ചില്‍ പ്ലാസ്റ്റിക് ബോളുകള്‍ കൊണ്ട് പരിശീലനം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഇതോടെ താരത്തിന് വേഗമേറിയ ഷോര്‍ട്ട് ബോളുകള്‍ കളിക്കാനറിയില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തില്‍ വലിയ ഇന്നിങ്സ് കളിക്കുക സഞ്ജുവിന് അനിവാര്യമാകും.
Content Highlights: Aakash Chopra on Sanju Samson heading into IND vs ENG 2025 4th T20I