രഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടറിന് തൊട്ടടുത്തെത്തി. കേരളത്തിന്റെ 351 റൺസ് പിന്തുടർന്ന ബിഹാർ 64 റൺസിൽ പുറത്തായതോടെ കേരളം അവരെ ഫോളോ ഓണിന് വിട്ടു. 10 ഓവറുകൾ പിന്നിടുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 27 റൺസെന്ന നിലയിലാണ് ബിഹാറുള്ളത്. നിലവിലെ അവസ്ഥ വെച്ച് നോക്കുകയായെങ്കിൽ കേരളത്തിന് രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാതെ തന്നെ വിജയിക്കാനാവും.
ആദ്യ ഇന്നിങ്സിൽ കേരളത്തിന്റെ ഓൾറൗണ്ടർ ജലജ് സക്സേന അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയതോടെയാണ് ബിഹാർ തകർന്നടിഞ്ഞത്.
7.1 ഓവറുകൾ പന്തെറിഞ്ഞ ജലജ് സക്സേന 19 റൺസ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തിയത്. കേരളത്തിനായി എം ഡി നിധീഷ് രണ്ടും വൈശാഖ് ചന്ദ്രൻ, ആദിത്യ സർവാതെ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.
അതേ സമയം സൽമാൻ നിസാറിന്റെ സെഞ്ച്വറിയാണ് ആദ്യ ഇന്നിങ്സിൽ കേരളത്തെ വലിയ തകർച്ചയിൽ നിന്നും രക്ഷിച്ചത്. താരം 150 റൺസ് നേടി. എം ഡി നിധീഷ് 30 റൺസെടുത്തും അക്ഷയ് ചന്ദ്രൻ 38 റൺസെടുത്തും ഷോൺ റോഗർ 59 റൺസെടുത്തും ഭേദപ്പെട്ട പ്രകടനം നടത്തി. അതേ സമയം മത്സരം ജയിച്ചാലും സമനിലയായാലും കേരളത്തിന് ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാം.
Content Highlights: Kerala close to quarter FINAL in Ranji Trophy; On to victory over Bihar