
ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിലും മോശം പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ പരിഹസിച്ച് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇംഗ്ലണ്ട് പരമ്പരയിലെ നാല് മത്സരങ്ങളിലും ഒരേ രീതിയിലാണ് മലയാളി താരം പുറത്തായതെന്ന് ചോപ്ര ഓര്‍മിപ്പിച്ചു. എന്നിരുന്നാലും സഞ്ജു സാംസണിന്റെ ആരാധകരെ ഇളക്കിവിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ആകാശ് ചോപ്ര യുട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
𝗦𝗔𝗡𝗝𝗨 𝗔𝗡𝗗 𝗦𝗛𝗢𝗥𝗧 𝗕𝗔𝗟𝗟 🫣
— Cricket.com (@weRcricket) February 1, 2025
Sanju Samson has been dismissed by back-of-length and short deliveries on three different occasions in this series 😯 pic.twitter.com/mfgUvCcQCl
'ടോസ് നഷ്ടപ്പെട്ട് ഇന്ത്യയ്ക്ക് ആദ്യം ബാറ്റുചെയ്യേണ്ടിവരികയായിരുന്നു. ഓപണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ വീണ്ടും പഴയ രീതിയില്‍ തന്നെ പുറത്തായി. പക്ഷേ ഞാന്‍ സഞ്ജുവിന്റെ ആരാധകരെ ട്രിഗര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ തുടര്‍ച്ചയായ നാല് തവണയും സഞ്ജു സമാന രീതിയിലാണ് പുറത്താക്കപ്പെട്ടതെന്നത് സത്യമാണ്', ചോപ്ര ചൂണ്ടിക്കാട്ടി.
'സഞ്ജു ഇത്തവണ സാക്കിബ് മഹ്‌മൂദിന്റെ പന്തില്‍ പുറത്തായി. ഡീപ്പില്‍ ഒരു ഫീല്‍ഡറെ നിര്‍ത്തി അവര്‍ കൃത്യമായി ഷോര്‍ട് ബോള്‍ എറിഞ്ഞു. ആ കെണിയില്‍ സഞ്ജു വീഴുകയും ചെയ്തു', ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ മുട്ടുമടക്കിയാണ് സഞ്ജു പുറത്തായിരുന്നത്. ഷോര്‍ട്ട് ബോളില്‍ ഹുക്ക് ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് സഞ്ജു വിക്കറ്റ് സമ്മാനിച്ചത്. നാലാം ടി20യിലും സഞ്ജു സമാനമായ രീതിയില്‍ തന്നെയാണ് പുറത്തായത്. ബോളര്‍ മാറിയെന്ന വ്യത്യാസം മാത്രമാണ് ഇത്തവണയുണ്ടായത്.
ആദ്യത്തെ മൂന്ന് മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറുടെ പന്തിലാണെങ്കില്‍ ഇത്തവണ സാക്കിബ് മഹ്‌മൂദിന് മുന്നിലാണെന്നുമാത്രം. ഈ മാച്ചില്‍ മൂന്ന് പന്തുകളില്‍ നിന്നെടുത്ത ഒരു റണ്‍സ് അടക്കം ഈ പരമ്പരയിലെ നാല് മത്സരങ്ങളിൽ നിന്ന് ആകെ 37 റൺസാണ് നേടാനായിട്ടുള്ളത്. സഞ്ജുവിനെ സാക്കിബ് മഹ്‌മൂദ് ബ്രൈഡണ്‍ കാര്‍സെയുടെ കൈകളിലെത്തിക്കുകയായിരുന്നു.
അതേസമയം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. നാലാം ടി20 മത്സരത്തില്‍ ത്രില്ലര്‍ വിജയം നേടിയാണ് സൂര്യകുമാര്‍ യാദവും സംഘവും പരമ്പര ഉറപ്പിച്ചത്. പൂനെയില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിനാണ് ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത്. 182 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇംഗ്ലീഷ് പടയെ 19.4 ഓവറില്‍ 166 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കി. ഇതോടെ ഒരു മത്സരം ബാക്കിനില്‍ക്കെ 3-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.
Content Highlights: "I don't want to trigger Sanju's fan army at all", Aakash Chopra on Sanju Samson