ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി 20യിൽ ശിവം ദുബെയ്ക്ക് പകരമായി ഹർഷിത് റാണയെ കൺകഷൻ സബ്സിറ്റ്യൂട്ടായി കളത്തിലിറക്കിയതിൽ പ്രതികരണവുമായി ഇന്ത്യൻ മുൻ താരം രവിചന്ദ്രൻ അശ്വിൻ. എന്തായാലും മത്സരം അവസാനിച്ചിരിക്കുന്നു. സ്വന്തം മണ്ണിൽ ഇന്ത്യ മറ്റൊരു ട്വന്റി 20 പരമ്പര കൂടി സ്വന്തമാക്കിയിരിക്കുന്നു. എന്നാൽ അന്താരാഷ്ട്ര ട്വന്റി 20, ഐപിഎല്ലിന് തുല്യമല്ല. ഒരു ഇംപാക്ട് പ്ലെയറെ ഉൾപ്പെടുത്തിയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ട്വന്റി 20 മത്സരം പൂർത്തിയായത്. അശ്വിൻ തന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചത് ഇങ്ങനെ.
കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിൽ ചർച്ചകൾ മുഴുവൻ നടക്കുന്നത് ശിവം ദുബെയ്ക്ക് പകരം ഹർഷിത് റാണ എങ്ങനെ പകരക്കാരനായി എന്നതാണ്. അന്താരാഷ്ട്ര മത്സരമെന്നത് മറന്ന് ഇതൊരു ഐപിഎൽ മത്സരമാണ് എന്ന് കരുതിയോ? മുമ്പ് ഇത്തരം തീരുമാനങ്ങൾ ഉണ്ടായെന്ന് തനിക്ക് അറിയാം. രവീന്ദ്ര ജഡേജയ്ക്ക് പകരം യൂസ്വേന്ദ്ര ചഹൽ കളത്തിലെത്തി. ഇത് എനിക്ക് മനസിലാകുന്നില്ല. ചഹൽ എങ്ങനെയാണ് ജഡേജയ്ക്ക് പകരക്കാരനാകുക? അശ്വിൻ ചോദിക്കുന്നു.
ശിവം ദുബെയ്ക്ക് പകരമായി ഹർഷിത് കളത്തിലെത്തി. മറ്റാരുമില്ലെങ്കിൽ ഹർഷിത് ബാറ്റുചെയ്യുമെന്നും ദുബെ പന്തെറിയുമെന്നും പറയാമായിരുന്നു. എന്നാൽ ദുബെയ്ക്ക് ഒത്ത പകരക്കാരനായി പരിഗണിക്കാവുന്ന രമൺദീപ് സിങ് ഇന്ത്യൻ ടീമിലുണ്ടായിരുന്നു. ഇത് പൂർണമായും തെറ്റായ തീരുമാനമാണ്. അംപയറിനോ മാച്ച് റഫറിക്കോ ദുബെയ്ക്ക് പകരം രമൺദീപിനെ കളിപ്പിക്കണമെന്ന് പറയാമായിരുന്നു. ഇനിയെങ്കിലും ക്രിക്കറ്റ് നിയമങ്ങൾ നിശ്ചയിക്കുന്നവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുമെന്ന് കരുതുന്നു. അശ്വിൻ വ്യക്തമാക്കി.
Content Highlights: Ravichandran Ashwin reacts Harshit came concussion sub for Dube