രാജ്യത്തിനായി ക്രിക്കറ്റ് കളിക്കാൻ രോഹിത് ശർമയ്ക്കും വിരാട് കോഹ്‍ലിക്കും വലിയ ആഗ്രഹമാണുള്ളതെന്ന് ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീർ. രാജ്യത്തിനായി നേട്ടങ്ങൾ സ്വന്തമാക്കാൻ ഇരുവർക്കും വലിയ ആവേശമാണ്. ഇരുവർക്കും ഡ്രെസ്സിങ് റൂമിൽ വലിയ സ്വീകാര്യതയുണ്ട്. ഇന്ത്യൻ ക്രിക്കറ്റിന് വലിയ നേട്ടങ്ങൾ നൽകിയവരാണ് കോഹ്‍ലിയും രോഹിത്തും. ചാംപ്യൻസ് ട്രോഫിയിലും ഇരുവർക്കും ഇന്ത്യൻ ടീമിൽ വലിയ റോളുണ്ട്. ബിസിസിഐ വാർഷിക പുരസ്കാര ദാന വേദിയിൽ ഗംഭീർ പ്രതികരിച്ചു.
ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യൻ ടീമിന്റെ പ്രതീക്ഷയെക്കുറിച്ചും ഗംഭീർ സംസാരിച്ചു. ഏകദിന ലോകകപ്പിൽ നിന്നും വ്യത്യസ്തമായ ഒരു ടൂർണമെന്റാണ് ചാംപ്യൻസ് ട്രോഫി. ഒരു മത്സരം ടൂർണമെന്റിലെ ടീമിന്റെ നിലനിൽപ്പിനെ ബാധിച്ചേക്കാം. അതിനാൽ ഒരോ മത്സരവും പ്രധാനപ്പെട്ടതാണ്. ചുരുക്കത്തിൽ ചാംപ്യൻസ് ട്രോഫി വിജയിക്കണമെങ്കിൽ അഞ്ച് മത്സരങ്ങളും വിജയിക്കണം. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഗംഭീർ വ്യക്തമാക്കി.
ഫെബ്രുവരി 19 മുതലാണ് ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമാകുക. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ന്യൂസിലാൻഡും പാകിസ്താനുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ മറ്റ് എതിരാളികൾ.
Content Highlights: Virat and Rohit are so hungry to play for India said Gautam Gambhir