'അഭിഷേക്...ഇവിടെ, ഇങ്ങനെ തന്നെയാണ് നിന്നെ ഞാന്‍ കാണാന്‍ ആഗ്രഹിച്ചത്'; ശിഷ്യനെ പ്രശംസിച്ച് യുവരാജ് സിങ്‌

ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ അഭിഷേക് ശര്‍മയുടെ ഓള്‍റൗണ്ട് മികവിൽ 150 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്

dot image

തന്റെ പ്രിയപ്പെട്ട ശിഷ്യന്‍ അഭിഷേക് ശര്‍മയുടെ പ്രകടനത്തില്‍ അഭിമാനം കൊണ്ട് ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ യുവ ഓപണര്‍ അഭിഷേക് ശര്‍മയുടെ ഓള്‍റൗണ്ട് മികവാണ് ഇന്ത്യയെ മിന്നും വിജയത്തിലേക്ക് നയിച്ചത്. ഇതിനുപിന്നാലെയാണ് തകര്‍പ്പന്‍ പ്രകടനത്തെ അഭിനന്ദിച്ച് അഭിഷേകിന്റെ മെന്‍റര്‍ കൂടിയായ യുവരാജ് സിങ് രംഗത്തെത്തിയത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു യുവി തന്റെ പ്രിയപ്പെട്ട ശിഷ്യനെ അഭിനന്ദിച്ചത്. 'അഭിഷേക്, നീ ഗംഭീരമായി കളിച്ചു. ഇവിടെ തന്നെ, ഇങ്ങനെ തന്നെയാണ് നിന്നെ ഞാന്‍ കാണാന്‍ ആഗ്രഹിച്ചത്'

യുവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മത്സരത്തില്‍ അഭിഷേക് ബാറ്റുചെയ്യുന്ന ചിത്രം പങ്കുവെച്ചായിരുന്നു ഇന്ത്യയുടെ മുന്‍ താരം സ്റ്റോറി പോസ്റ്റ് ചെയ്തത്.

Yuvraj Singh's Instagram Story about Abhishek Sharma

ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ അഭിഷേക് ശര്‍മയുടെ ഓള്‍റൗണ്ട് മികവിൽ 150 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി കിടിലന്‍ സെഞ്ച്വറി നേടിയ താരം ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റ് വീഴ്ത്തി ബോളിങ്ങിലും തിളങ്ങി. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഇതിഹാസ ഓള്‍റൗണ്ടറായ യുവരാജ് സിങ്ങിന്റെ ശിഷ്യന്‍ കൂടിയായ അഭിഷേക് ശര്‍മയാണ്. മൂന്ന് വര്‍ഷമായി യുവരാജിന്‍റെ കീഴിലാണ് അഭിഷേക് പരിശീലനം നടത്തുന്നത്.

വാംഖഡെയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത് അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ്. 37 പന്തില്‍ സെഞ്ച്വറിയുമായി അഭിഷേക് ശര്‍മ മിന്നിയ മത്സരത്തില്‍ 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നേടിയത്. 54 പന്തുകളില്‍ നിന്ന് 135 റണ്‍സെടുത്ത് അഭിഷേക് പുറത്തായി. ട്വന്റി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് മുംബൈയില്‍ അഭിഷേക് അടിച്ചെടുത്തത്. 35 പന്തുകളില്‍ സെഞ്ച്വറി തികച്ച രോഹിത് ശര്‍മയാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍.

ബാറ്റുകൊണ്ട് ഇംഗ്ലീഷ് ബോളര്‍മാരെ പഞ്ഞിക്കിട്ട അഭിഷേക് പന്തുകൊണ്ടും ഇംഗ്ലണ്ടിന്റെ വില്ലനായി മാറി. 248 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലീഷ് പടയുടെ രണ്ട് നിര്‍ണായക വിക്കറ്റാണ് അഭിഷേക് വീഴ്ത്തിയത്. ബ്രൈഡണ്‍ കാര്‍സെ (3), ജാമി ഓവര്‍ടണ്‍ (1) എന്നിവരെ ഒരൊറ്റ ഓവറില്‍ മടക്കി അഭിഷേക് ഞെട്ടിച്ചു. എറിഞ്ഞ ഒന്‍പതാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അഭിഷേക് രണ്ട് വിക്കറ്റ് സ്വന്തമാക്കിയത്.

Content Highlights: 'That's where I want to see you', Yuvraj Singh 'proud' after Abhishek Sharma's performence

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us