2024 ലെ ടി20 ലോകകപ്പിന്റെ ഫൈനലിൽ ഹെൻറിച്ച് ക്ലാസനെ പുറത്താക്കാനുള്ള ക്യാപ്റ്റൻ രോഹിത് ശർമയുടെ മാസ്റ്റർ പ്ലാനിനെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യൻ ഓൾറൗണ്ടർ. ഫൈനൽ പോരാട്ടത്തിൽ ക്ലാസൻ ആക്രമണാത്മക പ്രകടനമാണ് കാഴ്ചവച്ചത്. ഇന്ത്യൻ ബോളർമാരെ അടിച്ചോടിപ്പിച്ച താരം രണ്ട് ഫോറുകളുടെയും അഞ്ച് സിക്സറുകളുടെയും സഹായത്തോടെ 27 പന്തിൽ 52 റൺസെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 24 പന്തിൽ നിന്ന് 26 റൺസ് മാത്രം മതിയെന്നിരിക്കെയായിരുന്നു ക്ളാസന്റെ വിക്കറ്റ് തെറിക്കുന്നത്. ഇതോടെയാണ് കളി ഇന്ത്യയുടെ ഭാഗത്തെത്തുന്നത്. പതിനേഴാം ഓവറിലെ ആദ്യ പന്തിലായിരുന്നു ഹാർദിക് പാണ്ഡ്യ അദ്ദേഹത്തെ പുറത്താക്കുന്നത്. ഓവർ എറിയാൻ തുടങ്ങുന്നതിന് മുമ്പ് രോഹിത് മുന്നോട്ട് വെച്ച നിർദേശമാണ് ക്ളാസന്റെ വിക്കറ്റ് വീഴ്ത്താൻ സഹായിച്ചതെന്നാണ് പാണ്ഡ്യ പറയുന്നത്.
സ്റ്റംപിലേക്ക് ലക്ഷ്യം വെച്ചുള്ള ഏത് പന്തും അടിച്ചുപറത്താൻ ക്ലാസൻ തയ്യാറാണെന്നും കുറച്ച് വൈഡായുള്ള പന്ത് എറിയുന്നതാവും ഉചിതമെന്നും രോഹിത് പറഞ്ഞതായി പാണ്ഡ്യ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ കാല്‍ അല്‍പ്പം ലെഗ് സൈഡിലേക്കായിരുന്നു കാണപ്പെട്ടത്. അതുകൊണ്ടു തന്നെ അവിടേക്കാണ് ക്ലാസെന്‍ ഷോട്ട് കളിക്കാന്‍ പോവുന്നതെന്നും മനസ്സിലായി. റണ്ണപ്പിന് തൊട്ടുമുമ്പാണ് ക്ലാസെനെ നോക്കിയതിന് ശേഷം ഞാനൊരു വൈഡ് സ്ലോ ബോളാണ് എറിയുന്നതെന്നു രോഹിത്തിനോട് പറഞ്ഞത്.
ഓഫ്സ്റ്റംപിന് ഏറെ പുറത്തേക്കു പോയ സ്ലോ ബോളിനെതിരേ ആഞ്ഞുവീശിയ ക്ലാസെനു പിഴയ്ക്കുകയായിരുന്നു. എഡ്ജായ ബോള്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് അനായാസം പിടികൂടുകയും ചെയ്തു. ഈ ഓവര്‍ മാത്രമല്ല 20ാമത്തെ ഓവറും ബൗള്‍ ചെയ്തത് ഹാര്‍ദിക്കായിരുന്നു. 16 റണ്‍സായിരുന്നു അദ്ദേഹത്തിന് പ്രതിരോധിക്കേണ്ടിയിരുന്നത്. പക്ഷെ ഒമ്പത് റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. ഏഴു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയവുമായി ഇന്ത്യ ലോക കിരീടവും ചൂടി.
Content Highlights:Hardik Pandya on Rohit Sharma's master plan to dismiss Klaasen in T20 WC final