അരങ്ങേറ്റം മിന്നിച്ച് ഹർഷിത്, ജഡേജയ്ക്കും 3 വിക്കറ്റ്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 249 റണ്‍സ് വിജയലക്ഷ്യം

ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലറുടെയും (52) ജേക്കബ് ബേത്തലിന്റെയും (51) അര്‍ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് തുണയായത്

dot image

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 249 റണ്‍സ് വിജയലക്ഷ്യം. നാഗ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സിന് ഓള്‍ഔട്ടായി. ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലറുടെയും (52) ജേക്കബ് ബേത്തലിന്റെയും (51) അര്‍ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് തുണയായത്. ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണയും രവീന്ദ്ര ജഡേജയും തിളങ്ങി.

നേരത്തേ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപർ‌മാരായ ഫിൽ സാൾട്ടും ബെൻ ഡക്കറ്റും ചേർന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കം സമ്മാനിച്ചു. ഓപണിങ് വിക്കറ്റില്‍ 75 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താൻ സാൾട്ട്-ഡക്കറ്റ് സഖ്യത്തിന് സാധിച്ചു. ഒൻപതാം ഓവറിലെ അഞ്ചാം പന്തിൽ സാൾട്ട് റണ്ണൗട്ടായതോടെയാണ് ഈ കൂട്ടുകെട്ട് തകരുന്നത്. 26 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയും സഹിതം 43 റണ്‍സെടുത്താണ് സാള്‍ട്ട് ക്രീസ് വിട്ടത്. തൊട്ടടുത്ത ഓവറില്‍ ബെന്‍ ഡക്കറ്റിനെയും ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടു. 29 പന്തില്‍ ആറ് ബൗണ്ടറിയടക്കം 32 റണ്‍സെടുത്ത ഡക്കറ്റിനെ ഹര്‍ഷിത് ജയ്‌സ്വാളിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

Also Read:

പിന്നീടെത്തിയ ഹാരി ബ്രൂക്കിനും (0) ജോ റൂട്ടിനും (19) അധികനേരം ക്രീസിൽ പിടിച്ചുനിൽക്കാനായില്ല. പിന്നാലെ ക്രീസിൽ ഒത്തുചേർന്ന ബേത്തൽ-ബട്‌ലർ സഖ്യം ഇം​ഗ്ലണ്ടിന്റെ രക്ഷാ പ്രവർത്തനം ഏറ്റെടുത്തു. അഞ്ചാം വിക്കറ്റിൽ 59 റൺസാണ് ഇരുവരും ചേർന്ന് ഇംഗ്ലീഷ് സ്‌കോർബോർഡിൽ ചേർത്തത്. ബട്‌ലർ 67 പന്തിൽ നിന്ന് 52 റൺസെടുത്തപ്പോൾ ബേത്തൽ 64 പന്തിൽ നിന്ന് 51 റൺസെടുത്തു. ബട്‌ലറെ അക്സര്‍ പട്ടേലാണ് പുറത്താക്കിയത്.

ലിയാം ലിവിങ്സ്റ്റണെ (5) വീഴ്ത്തി ഹര്‍ഷിത് റാണ അരങ്ങേറ്റ ഏകദിനത്തിലെ മൂന്നാം വിക്കറ്റ് നേട്ടം തികച്ചു. പിന്നാലെ ക്രീസിലെത്തിയ ബ്രയ്ഡന്‍ കാര്‍സെയ്ക്കും അധികം സംഭാവന നൽകാനായില്ല. 10 റണ്‍സെടുത്ത താരത്തെ മുഹമ്മദ് ഷമി ബൗള്‍ഡാക്കി. 64 പന്തിൽ 51 റൺ‌സെടുത്ത ​ബേത്തലിനെയും ആദില്‍ റഷീദിനെയും (8) ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. 2 റണ്‍സുമായി നിന്ന സാക്കിബ് മഹ്മൂദിനെ മടക്കി കുല്‍ദീപ് യാദവ് ഇംഗ്ലീഷ് ഇന്നിങ്‌സ് അവസാനിപ്പിച്ചു. 18 പന്തില്‍ 3 ഫോറും 1 സിക്‌സും സഹിതം 21 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചര്‍ പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച ആർച്ചറാണ് ഇം​ഗ്ലീഷ് സ്‌കോര്‍ 240 കടത്തിയത്.

Content Highlights: India vs England LIVE Cricket Score, 1st ODI: ENG 248 (50 overs) vs IND in Nagpur

dot image
To advertise here,contact us
dot image