![search icon](https://www.reporterlive.com/assets/images/icons/search.png)
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ കെ എല്‍ രാഹുലിന് മുന്‍പ് അഞ്ചാം നമ്പറില്‍ അക്‌സര്‍ പട്ടേലിനെ ഇറക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മത്സരത്തിന് മുന്‍പ് അക്‌സറിന് ബാറ്റിങ് ഓര്‍ഡറില്‍ പ്രൊമോഷന്‍ നല്‍കിയതില്‍ ആരാധകര്‍ കോച്ച് ഗംഭീറിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ അര്‍ധ സെഞ്ച്വറി കുറിക്കാന്‍ അക്‌സറിന് സാധിക്കുകയും ചെയ്തു. പിന്നാലെ അക്‌സറിനെ രാഹുലിന് മുന്‍പായി ഇറക്കിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത നീക്കമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
Axar Patel departs but not before he scored a solid fifty in the chase!
— BCCI (@BCCI) February 6, 2025
Follow The Match ▶️ https://t.co/lWBc7oPRcd#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/FraW7ugxIP
ഇന്ത്യയുടെ വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു രോഹിത്. 'മധ്യനിരയില്‍ ഒരു ഇടംകൈയ്യന്‍ ബാറ്ററെ ഞങ്ങള്‍ക്ക് ആവശ്യമായിരുന്നുവെന്ന് മാത്രം. ഇംഗ്ലീഷ് സ്പിന്നര്‍മാര്‍ ഇടംകൈയ്യന്മാരെ എങ്ങനെ നേരിടുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. മധ്യനിരയില്‍ ഗില്ലും അക്‌സറും വളരെ ബ്രില്ല്യന്റായി ബാറ്റുവീശി', രോഹിത് പറഞ്ഞു.
ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി കെ എല്‍ രാഹുല്‍ പ്രധാനമായും അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്തിരുന്നത്. ശ്രേയസ് അയ്യര്‍ പുറത്തായതിന് ശേഷം രാഹുല്‍ അഞ്ചാമതായി ക്രീസിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അക്‌സറിനെ ഇറക്കുകയായിരുന്നു. അപ്രതീക്ഷിതനീക്കത്തിൽ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ എതിര്‍പ്പ് അറിയിക്കുകയും ചെയ്തു.
എന്നാല്‍ തനിക്ക് കിട്ടിയ അവസരം അക്‌സര്‍ നന്നായി പ്രയോജനപ്പെടുത്തുന്നതാണ് നാഗ്പൂരില്‍ കണ്ടത്. നിര്‍ണായക അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ശുഭ്മാന്‍ ഗില്ലിനൊപ്പം അക്‌സര്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. ഇന്ത്യന്‍ സ്‌കോര്‍ 220 കടത്തിയതിന് പിന്നാലെയാണ് അക്സര്‍ മടങ്ങിയത്. 47 പന്തില്‍ 52 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
അതേസമയം അക്‌സറിന് പുറമെ ശുഭ്മാന്‍ ഗില്ലിന്റെയും (87) ശ്രേയസ് അയ്യരുടെയും (59) അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെ നാഗ്പൂരില്‍ നടന്ന ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 249 റണ്‍സ് വിജയലക്ഷ്യം 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് ഇന്ത്യ മുന്നിലെത്തി.
Content Highlights: Rohit Sharma, Gambhir's 'pre-planned' masterstroke on Axar Patel's batting promotion ahead of KL Rahul revealed