![search icon](https://www.reporterlive.com/assets/images/icons/search.png)
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേട്ടവുമായി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. കരിയറിലെ 36-ാം സെഞ്ച്വറിയാണ് സ്മിത്ത് നേടിയത്. ഈ തലമുറ താരങ്ങളിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറി നേടിയ താരവും സ്മിത്താണ്. ഒടുവിൽ കളിച്ച അഞ്ച് ടെസ്റ്റുകളിൽ നാലിലും സ്മിത്ത് സെഞ്ച്വറി നേട്ടം സ്വന്തമാക്കി.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ 120 റൺസുമായി സ്റ്റീവ് സ്മിത്ത് പുറത്താകാതെ നിൽക്കുകയാണ്. 239 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സറും സഹിതമായിരുന്നു സ്മിത്തിന്റെ നേട്ടം. 156 പന്തിൽ 13 ഫോറും രണ്ട് സിക്സും സഹിതം 139 റൺസുമായി അലക്സ് ക്യാരിയാണ് സ്മിത്തിന് കൂട്ട്. ഇരുവരും ചേർന്ന പിരിയാത്ത നാലാം വിക്കറ്റിൽ ഇതുവരെ 239 റൺസ് കൂട്ടിച്ചേർത്തുകഴിഞ്ഞു.
രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 330 റൺസെന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്സിൽ 73 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയ ഇതുവരെ നേടിയിരിക്കുന്നത്. നേരത്തെ ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്ക 257 റൺസിൽ എല്ലാവരും പുറത്തായിരുന്നു. പുറത്താകാതെ 85 റൺസെടുത്ത കുശൽ മെൻഡിസും 74 റൺസ് നേടിയ ദിനേശ് ചാന്ദിമാലുമാണ് ലങ്കൻ നിരയ്ക്ക് കരുത്തായത്. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്, മാത്യു കുനെമാൻ, നഥാൻ ലിയോൺ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: Australia Interim Captain Steve Smith Smashed Another Century