'കോഹ്ലിക്ക് പരിക്കായത് കൊണ്ട് മാത്രമാണ് എനിക്ക് അവസരം ലഭിച്ചത്'; ഫിഫ്റ്റിയടിച്ചതിനു പിന്നാലെ ശ്രേയസ് അയ്യർ

'ഇന്നലെ രാത്രി ഞാന്‍ ഒരു സിനിമ കാണുകയായിരുന്നു. അപ്പോഴാണ് ക്യാപ്റ്റന്‍ രോഹിത്തിന്റെ ഒരു കോള്‍ വന്നത്.'

dot image

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി ഇറങ്ങാനിടയായ സാഹചര്യത്തെ കുറിച്ച് ശ്രേയസ് അയ്യര്‍. പരിക്കേറ്റ വിരാട് കോഹ്‌ലിക്ക് പകരമാണ് താരത്തിന് ടീമില്‍ അവസരമൊരുങ്ങിയത്. ഏറെക്കാലത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് തകര്‍പ്പന്‍ പ്രകടനത്തോടെ മടങ്ങിവരവ് ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആദ്യ ഏകദിനം കളിക്കേണ്ട താരമല്ലായിരുന്നു താനെന്നും അവസാന നിമിഷമാണ് ടീമിൽ മാറ്റങ്ങള്‍ വരുത്തിയതെന്നും തുറന്നുപറയുകയാണ് ശ്രേയസ്.

'അതൊരു രസകരമായ കഥയാണ്. ഇന്നലെ രാത്രി ഞാന്‍ ഒരു സിനിമ കാണുകയായിരുന്നു. അപ്പോഴാണ് ക്യാപ്റ്റന്‍ രോഹിത്തിന്റെ ഒരു കോള്‍ വന്നത്. വിരാടിന്റെ കാല്‍മുട്ടിന് പരിക്കാണെന്നും അതുകൊണ്ട് നിങ്ങള്‍ക്ക് കളിക്കാമെന്നും രോഹിത് പറഞ്ഞു', ശ്രേയസ് വിശദീകരിച്ചത് ഇങ്ങനെ.

ആദ്യ മത്സരത്തില്‍ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും അവസരത്തിനായി തയ്യാറായിരുന്നുവെന്ന് അയ്യര്‍ വെളിപ്പെടുത്തി. 'ഇന്ന് ഞാന്‍ കളിക്കേണ്ടതായിരുന്നില്ല. പക്ഷേ വിരാടിന് പരിക്കേറ്റതുകൊണ്ടാണ് എനിക്ക് അവസരം ലഭിച്ചത്. എപ്പോള്‍ വേണമെങ്കിലും എന്നെ വിളിക്കാമെന്ന് അറിയാമായിരുന്നതിനാല്‍ ഞാന്‍ സ്വയം തയ്യാറായിരുന്നു', ശ്രേയസ് കൂട്ടിച്ചേര്‍ത്തു.

കിട്ടിയ അവസരം ശ്രേയസ് നന്നായി പ്രയോജനപ്പെടുത്തുന്നതാണ് നാഗ്പൂരില്‍ കാണാനായത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ നിര്‍ണായക അര്‍ധ സെഞ്ച്വറി നേടിയാണ് ശ്രേയസ് തിളങ്ങിയത്. 30 പന്തിലാണ് ശ്രേയസ് അര്‍ധ സെഞ്ച്വറി തികച്ചത്.

ഇന്ത്യയുടെ ഓപണറും ക്യാപ്റ്റനുമായ രോഹിത് ശര്‍മ (2) നിരാശപ്പെടുത്തിയതിന് ശേഷം നാലാമനായി അയ്യര്‍ ക്രീസിലെത്തുകയായിരുന്നു. മത്സരത്തില്‍ 36 പന്തില്‍ 59 റണ്‍സെടുത്ത ശ്രേയസിനെ ജേക്കബ് ബേത്തല്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. രണ്ട് സിക്സും ഒന്‍പത് ബൗണ്ടറിയും ഉള്‍പ്പെടെയായിരുന്നു ശ്രേയസ്സിന്റെ മാസ് ഇന്നിങ്സ്. ജോഫ്ര ആര്‍ച്ചറിന്റെ ഓവറില്‍ തുടര്‍ച്ചയായി സിക്സര്‍ പറത്തി ശ്രേയസ് ഞെട്ടിച്ചിരുന്നു.

അതേസമയം ശ്രേയസ് അയ്യര്‍ക്ക് (59) പുറമെ ശുഭ്മാന്‍ ഗില്ലിന്റെയും (87) അക്‌സര്‍ പട്ടേലിന്റെയും (51) അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെ നാഗ്പൂരില്‍ നടന്ന ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 249 റണ്‍സ് വിജയലക്ഷ്യം 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് ഇന്ത്യ മുന്നിലെത്തി.

Content Highlights: 'I only played because Virat Kohli got injured': Shreyas Iyer

dot image
To advertise here,contact us
dot image