'ഒന്നും പേടിക്കാനില്ല, രണ്ടാം ഏകദിനത്തില്‍ കോഹ്‌ലി ഇറങ്ങും'; അപ്‌ഡേറ്റുമായി ശുഭ്മാന്‍ ഗില്‍

വിരാട് കോഹ്‌ലിയുടെ മൂന്നാം നമ്പർ പൊസിഷനിലാണ് ഗില്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റിങ്ങിനിറങ്ങിയത്

dot image

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ പരിക്കിനെ കുറിച്ച് നിര്‍ണായക അപ്‌ഡേഷന്‍ നല്‍കി യുവതാരം ശുഭ്മാന്‍ ഗില്‍. കാല്‍മുട്ടിനേറ്റ പരിക്കുകാരണം കോഹ്‌ലിക്ക് നാഗ്പൂരില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനമത്സരം നഷ്ടമായിരുന്നു. ഇപ്പോള്‍ കോഹ്‌ലിയുടെ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രതികരണവുമായാണ് ഗില്‍ രംഗത്തെത്തിയത്.

'രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വിരാട് കോഹ്‌ലിയുടെ കാല്‍മുട്ടില്‍ ചെറിയൊരു വീക്കം ഉണ്ടായിരുന്നു. ഇന്നലത്തെ പരിശീലന സെഷന്‍ വരെ അദ്ദേഹത്തിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പക്ഷേ പേടിക്കേണ്ട കാര്യമില്ല. അടുത്ത മത്സരത്തിന് അദ്ദേഹം തീര്‍ച്ചയായും ഫിറ്റ്നസ് വീണ്ടെടുത്ത് മടങ്ങിയെത്തും', മത്സരശേഷം നല്‍കിയ അഭിമുഖത്തില്‍ ഗില്‍ പറഞ്ഞു.

വിരാട് കോഹ്‌ലിയുടെ മൂന്നാം നമ്പർ പൊസിഷനിലാണ് ഗില്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റിങ്ങിനിറങ്ങിയത്. മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിർണായക ഇന്നിങ്സ് പുറത്തെടുക്കാന്‍ ഗില്ലിന് സാധിക്കുകയും ചെയ്തു.  96 പന്തില്‍ 14 ബൗണ്ടറിയുള്‍പ്പടെ 87 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായ ഗില്ലിനെയാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും. 

ടോസിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ വിരാട് കോഹ്ലി ഇല്ലെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കാല്‍മുട്ടില്‍ വേദന അനുഭവപ്പെട്ടതിനാലാണ് വിരാട് ഇന്നത്തെ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. വിരാടിന്റെ അഭാവത്തില്‍ ശ്രേയസ് അയ്യര്‍ക്ക് ഇലവനില്‍ അവസരമൊരുങ്ങുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെ ഫിഫ്റ്റിയടിച്ച് ശ്രേയസ് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചു.

അതേസമയം ശ്രേയസ് അയ്യര്‍ക്ക് (59) പുറമെ ശുഭ്മാന്‍ ഗില്ലിന്റെയും (87) അക്സര്‍ പട്ടേലിന്റെയും (51) അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ ആണ് മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയത്. നാഗ്പൂരില്‍ നടന്ന ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 249 റണ്‍സ് വിജയലക്ഷ്യം 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് ഇന്ത്യ മുന്നിലെത്തി.

Content Highlights: Nothing to worry, Virat Kohli will play 2nd ODI, says Shubman Gill

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us