സഞ്ജു പരാജയപ്പെട്ടിടത്ത് വിജയിച്ച ശ്രേയസ്; ബട്‌ലറുടെ ഷോര്‍ട് ബോള്‍ ട്രാപ്പിനെ മറികടന്ന 'കിടു' ഇന്നിങ്‌സ്

ഒരുകാലത്ത് തന്റെ ദൗര്‍ബല്യമായിരുന്ന ഷോര്‍ട് ബോളുകളെ വളരെ മികച്ച രീതിയില്‍ അതിജീവിക്കുന്ന ശ്രേയസിനെയാണ് നാഗ്പൂരില്‍ കാണാനായത്

dot image

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിര്‍ണായക ഇന്നിങ്‌സ് പുറത്തെടുത്ത താരമാണ് ശ്രേയസ് അയ്യര്‍. നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നാല് വിക്കറ്റിന് ജയിക്കുമ്പോള്‍ മധ്യനിര താരം ശ്രേയസ് അയ്യരുടെ 59 റണ്‍സ് നിര്‍ണായകമായിരുന്നു. റണ്‍ചേസിന്റെ ഒരുഘട്ടത്തില്‍ ബാക്ക്ഫൂട്ടിലായിരുന്ന ഇന്ത്യയെ കൗണ്ടര്‍ അറ്റാക്കിലൂടെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ശ്രേയസിന്റെ മാസ് ഇന്നിങ്‌സാണ്.

മത്സരത്തില്‍ 36 പന്തില്‍ 59 റണ്‍സെടുത്താണ് ശ്രേയസ് മടങ്ങിയത്. രണ്ട് സിക്‌സും ഒന്‍പത് ബൗണ്ടറിയും ഉള്‍പ്പെടെയായിരുന്നു ശ്രേയസ്സിന്റെ ഗംഭീര ഇന്നിങ്‌സ്. നാലാമനായി ക്രീസിലെത്തി 30 പന്തില്‍ ഫിഫ്റ്റി തികയ്ക്കാനും ശ്രേയസിനായി. തന്റെ ഏകദിന കരിയറിലെ അതിവേഗ അര്‍ധ സെഞ്ച്വറിയും നേടിയാണ് ശ്രേയസ് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചത്.

ഒരുകാലത്ത് തന്റെ ദൗര്‍ബല്യമായിരുന്ന ഷോര്‍ട് ബോളുകളെ വളരെ മികച്ച രീതിയില്‍ അതിജീവിക്കുന്ന ശ്രേയസിനെയാണ് നാഗ്പൂരില്‍ കാണാനായത്. മുന്‍പ് ഷോര്‍ട് ബോളുകളില്‍ ശ്രേയസ് സ്ഥിരമായി പുറത്താവുമായിരുന്നു. എന്നാല്‍ തിരിച്ചുവരവില്‍ തന്റെ പിഴവ് തിരുത്തിയ ശ്രേയസ് അനായാസം ബാറ്റുചെയ്യുകയായിരുന്നു. ഏഴാം ഓവറില്‍ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറിനെതിരെ തുടര്‍ച്ചയായ രണ്ട് സിക്‌സറുകള്‍ പറത്തി ഞെട്ടിക്കുകയും ചെയ്തു.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് അടിയറവ് പറയേണ്ടിവന്ന ഷോര്‍ട് ബോളുകളാണ് ശ്രേയസ് അനായാസം നേരിട്ടതെന്നതാണ് മറ്റൊരു പ്രത്യേകത. നേരത്തെ നടന്ന ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ഷോര്‍ട് ബോളില്‍ പുള്‍ ഷോട്ടിന് ശ്രമിച്ചാണ് സഞ്ജു പുറത്തായിരുന്നത്. അഞ്ചില്‍ മൂന്ന് തവണയും ആര്‍ച്ചറിന് മുന്നിലാണ് സഞ്ജുവിന് മുട്ടുമടക്കേണ്ടിവന്നത്. എന്നാല്‍ അതേ ആര്‍ച്ചര്‍ തന്നെ ശ്രേയസിന്റെ കടന്നാക്രമണത്തില്‍ നിസ്സഹായനായി നില്‍ക്കേണ്ടിവന്നു. തന്റെ വീക്ക്‌നെസ്സ് ശ്രേയസ് എങ്ങനെയാണ് മറികടന്ന് മികച്ച ഇന്നിങ്‌സ് കാഴ്ച വെച്ചതെന്ന് സഞ്ജുവിന് ശ്രേയസ്സിനെ കണ്ടുപഠിക്കാവുന്നതാണ്.

Content Highlights: Shreyas Iyer Shuts Down Short-Ball Weakness, Smashes Jofra Archer For 2 Stunning Sixes In A Row

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us