![search icon](https://www.reporterlive.com/assets/images/icons/search.png)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് സെഞ്ച്വറി. 77 പന്തിൽ അർധ സെഞ്ച്വറി പിന്നിട്ട രോഹിത് ശർമ ക്രീസിൽ തുടരുകയാണ്. ഒമ്പത് ഫോറും ഏഴ് സിക്സറും അടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിംഗ്സ്. ഏകദിന കരിയറിലെ രോഹിത്തിന്റെ 32-ാം സെഞ്ച്വറിയാണിത്. സമീപകാല മോശം ഫോമിനെ തുടർന്ന് ഉയർന്ന വിരമിക്കൽ ആവശ്യങ്ങൾക്ക് തൽക്കാലം തടയിടാനും രോഹിത്തിന്റെ ഇന്നിംഗ്സിന് കഴിഞ്ഞു എന്ന് തന്നെ പറയാം.
സാഖിബ് മഹ്മൂദ് എറിഞ്ഞ ആദ്യ ഓവറിൽ ഒരു റൺസ് മാത്രമാണ് രോഹിത് നേടിയത്. മുൻ മത്സരങ്ങളിലെ മോശം ഫോം കാരണമായിരിക്കാം രോഹിത്തിന്റെ മുഖത്ത് തുടക്കത്തിൽ സമ്മർദം നിഴലിച്ചിരുന്നു. എന്നാൽ ഗസ് അറ്റ്കിൻസൺ എറിഞ്ഞ രണ്ടാം ഓവറിലെ രണ്ടാം പന്ത് നിലം തൊടാതെ അതിർത്തി കടന്നു. ഇത് ഹിറ്റ്മാനിലെ പവർഹിറ്റർ ബാക്കിയുണ്ടെന്ന് സൂചന നൽകി. പിന്നെ ഇംഗ്ലീഷ് പേസ് നിര പലതവണ നിലംതൊടാതെ പറന്നു. യൂണിവേഴ്സൽ ബോസിന്റെ റെക്കോർഡ് ഇതിനിടെ രോഹിത് തിരുത്തിക്കുറിക്കുകയും ചെയ്തു. ഏകദിന ക്രിക്കറ്റിൽ സിക്സർ നേട്ടത്തിൽ ഇനി ഹിറ്റ്മാന് മുന്നിൽ ഷാഹിദ് അഫ്രീദി മാത്രമാണ് മുന്നിലുള്ളത്.
ഷാഹിദ് അഫ്രീദി 398 മത്സരങ്ങളിൽ നിന്നായി 351 സിക്സറുകളാണ് നേടിയത്. രോഹിത്താവട്ടെ, 267 മത്സരങ്ങളിൽ നിന്നായി 334 സിക്സറുകളാണ് നിലവിൽ നേടിയിരിക്കുന്നത്. ഗെയിലാവട്ടെ, 331 സിക്സറുകളാണ് 301 മത്സരങ്ങളിൽ നിന്നായി നേടിയിരിക്കുന്നത്.
ഇടയ്ക്ക് കളിയിൽ രസം കൊല്ലിയായി വെളിച്ചക്കുറവും ഫ്ലഡ്ലൈറ്റ് അണഞ്ഞതും വില്ലനായെത്തി. പക്ഷേ അരമണിക്കൂറോളം നീണ്ട താൽക്കാലിക തടസത്തിനും അയാളെ തടയാൻ കഴിഞ്ഞില്ല. 30 പന്തുകളിൽ രോഹിത് അർധസെഞ്ച്വറിയിലേക്കെത്തി. ആദിൽ റഷീദിനെതിരെ ബൗണ്ടറി നേടിയായിരുന്നു ഹിറ്റ്മാൻ അർധസെഞ്ച്വറി പിന്നിട്ടത്. സെഞ്ച്വറി നേട്ടവും ആദിൽ റാഷിദിനെതിരെയാണ്. ഇത്തവണ തകർപ്പനൊരു സിക്സർ നേടിയായിരുന്നു രോഹിത് സെഞ്ച്വറി നേട്ടം പൂർത്തിയാക്കിയത്.
ശുഭ്മൻ ഗില്ലിനൊപ്പം ആദ്യ വിക്കറ്റിൽ രോഹിത് 136 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഏഴ് പന്തിൽ അഞ്ച് റൺസുമായി വിരാട് കോഹ്‍ലി വീണ്ടും നിരാശപ്പെടുത്തി. ആദിൽ റാഷിദിന്റെ പന്തിൽ എഡ്ജായി ഫിൽ സോൾട്ടിന്റെ കൈകളിലെത്തിയാണ് കോഹ്‍ലി പുറത്തായത്. ശ്രേയസ് അയ്യരാണ് ഇപ്പോൾ രോഹിത്തിനൊപ്പം ക്രീസിലുള്ളത്.
Content Highlights: Rohit Sharma Slams 32nd Century