![search icon](https://www.reporterlive.com/assets/images/icons/search.png)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ സെഞ്ച്വറി നേട്ടത്തിൽ പ്രതികരണവുമായി ടി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. നല്ല ആളുകൾക്ക് നല്ലത് സംഭവിക്കുന്നുവെന്നാണ് സൂര്യ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്. രോഹിത് ശർമ സെഞ്ച്വറി നേടുന്ന ദൃശ്യങ്ങൾ പങ്കുവെച്ചാണ് താരത്തിന്റെ വാക്കുകൾ.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിൽ സഹതാരങ്ങളാണ് രോഹിത് ശർമയും സൂര്യകുമാർ യാദവും. കഴിഞ്ഞ വർഷത്തെ ഐപിഎല്ലിന് മുമ്പായി രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് നായകസ്ഥാനത്ത് നിന്ന് മാറ്റിയപ്പോഴും സൂര്യകുമാർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഹൃദയഭേദകം എന്നായിരുന്നു ആരുടെയും പേര് പറയാതെ സൂര്യകുമാർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഏതാനും മാസങ്ങൾക്ക് ശേഷം രോഹിത് ശർമയുടെ സംഘം ട്വന്റി 20 ലോകകപ്പ് നേടി. പിന്നാലെ രോഹിത് ട്വന്റി 20യിൽ നിന്ന് വിരമിച്ചപ്പോൾ സൂര്യകുമാർ ആയിരുന്നു ഇന്ത്യൻ ക്യാപ്റ്റനായിരുന്നത്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുൻനിര ബാറ്റർമാർ മികച്ച പ്രകടനം നടത്തിയപ്പോൾ ഇംഗ്ലണ്ട് 49.5 ഓവറിൽ 304 എന്ന സ്കോറിലേക്കെത്തി. 44.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. 90 പന്തുകളിൽ 12 ഫോറും ഏഴ് സിക്സും സഹിതം 119 റൺസുമായി രോഹിത് ശർമയാണ് ഇന്ത്യൻ വിജയം എളുപ്പമാക്കിയത്.
Content Highlights: Suryakumar Yadav heartfelt reaction after Rohit back on track