'മത്സരം ജയിച്ചതിനേക്കാള്‍ ഇരട്ടി സന്തോഷം!'; രോഹിത്തിന്റെ സെഞ്ച്വറിയെ കുറിച്ച് ആകാശ് ചോപ്ര

മത്സരത്തില്‍ ഇന്ത്യയുടെ നാല് വിക്കറ്റ് വിജയത്തില്‍ നിര്‍ണായകമായ സെഞ്ച്വറിയാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

dot image

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ വെടിക്കെട്ട് സെഞ്ച്വറി നേടി ഫോമിലേക്ക് ഉയര്‍ന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അഭിനന്ദിച്ച് മുന്‍ താരം ആകാശ് ചോപ്ര. മത്സരത്തില്‍ ഇന്ത്യയുടെ നാല് വിക്കറ്റ് വിജയത്തില്‍ നിര്‍ണായകമായ സെഞ്ച്വറിയാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 90 ബോളില്‍ 119 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം ക്രീസ് വിട്ടത്. 12 ഫോറും ഏഴ് കൂറ്റന്‍ സിക്‌സറുകളുമടക്കമാണിത്.

ഇതോടെ ഫോം ഔട്ടെന്നു പരിഹസിച്ച് എഴുതിത്തള്ളിയവര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് ഹിറ്റ്മാന്‍. മത്സരം വിജയിച്ചതിനേക്കാള്‍ സന്തോഷം നല്‍കിയത് രോഹിത് സെഞ്ച്വറിയടിച്ചപ്പോഴാണെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്. സ്വന്തം യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ പ്രതികരിക്കുകയായിരുന്നു ആകാശ് ചോപ്ര.

'മത്സരം ജയിക്കുമ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട്. പക്ഷേ രോഹിത് ശര്‍മ സെഞ്ച്വറി നേടിയപ്പോള്‍ അതിനേക്കാള്‍ ഇരട്ടി സന്തോഷമായിരുന്നു. രോഹിത് ശര്‍മ ഫോമിലേക്ക് തിരിച്ചുവരുന്നത് വലിയ തലക്കെട്ടോടെ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. അതിന് നിരവധി വശങ്ങളുണ്ട്. ഏറ്റവും മോശം ഫോമില്‍ കളിച്ചിരുന്ന താരമാണ് തകര്‍പ്പന്‍ സെഞ്ച്വറി നേടി തിളങ്ങിയിരിക്കുന്നത്', ആകാശ് ചോപ്ര പറഞ്ഞു.

തന്റെ ഫോം വീണ്ടെടുക്കാനും വിമര്‍ശകരെ നിശബ്ദരാക്കാനും രോഹിത് ക്രീസില്‍ സമയം ചെലവഴിക്കേണ്ടതുണ്ടെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. 'രോഹിത് ഫോമില്‍ അല്ലാത്ത സമയത്ത് എല്ലാവരും അവനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. നാഗ്പൂരില്‍ നടന്ന ആദ്യ മത്സരത്തില്‍ രോഹിത് നിരാശപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് പുറത്താക്കണമെന്നുപോലും എല്ലാവരും പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം മനോഹരമായി കളിച്ചു. 25 ഓവറുകള്‍ക്ക് അപ്പുറം ക്രീസില്‍ പിടിച്ചുനിന്നപ്പോള്‍ തന്നെ ഫോമിലേക്ക് വന്നു എന്ന് നമുക്ക് മനസ്സിലായി', ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുന്‍നിര ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇംഗ്ലണ്ട് 49.5 ഓവറില്‍ 304 എന്ന സ്‌കോറിലേക്കെത്തി. 44.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 90 പന്തുകളില്‍ 12 ഫോറും ഏഴ് സിക്സും സഹിതം 119 റണ്‍സുമായി രോഹിത് ശര്‍മയാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്.

Content Highlights: Aakash Chopra lauds Rohit Sharma's century in IND vs ENG 2nd ODI

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us