![search icon](https://www.reporterlive.com/assets/images/icons/search.png)
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് സെമി പ്രതീക്ഷ. മത്സരത്തിന്റെ അവസാന ദിവസമായ നാളെ സമനില പിടിച്ചാൽ പോലും കേരളത്തിന് സെമിയിലെത്താം. ആദ്യ ഇന്നിംഗ്സിൽ നേടിയ ഒരു റൺസിന്റെ ലീഡാണ് കേരളത്തിന് സെമി പ്രതീക്ഷകൾ നൽകുന്നത്. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ശക്തമായ തിരിച്ചുവരവിനാണ് ജമ്മു കശ്മീർ ശ്രമിക്കുന്നത്. സ്കോർ ജമ്മു കശ്മീർ ഒന്നാം ഇന്നിംഗ്സ് 280, കേരളം ആദ്യ ഇന്നിംഗ്സിൽ 281. ജമ്മു കശ്മീർ രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 180.
മൂന്നാം ദിവസം രാവിലെ ഒൻപത് വിക്കറ്റിന് 200 റൺസെന്ന നിലയിലായിരുന്നു കേരളം ബാറ്റിങ് പുനരാരംഭിച്ചത്. 112 റൺസുമായി പുറത്താകാതെ നിന്ന സൽമാൻ നിസാറിന്റെ പോരാട്ടത്തിൽ കേരളം ജമ്മു കശ്മീരിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോർ മറികടന്നു. ആദ്യ ഇന്നിംഗ്സിൽ 280 റൺസിന് കശ്മീരിനെ പുറത്താക്കിയ കേരളം മറുപടിയായി നേടിയത് 281 റൺസാണ്. 10-ാം വിക്കറ്റിൽ ബേസിൽ തമ്പിയുമായി ചേർന്ന് 81 റൺസിന്റെ കൂട്ടുകെട്ടാണ് സൽമാൻ നിസാർ ഉണ്ടാക്കിയത്. മത്സരം സമനില ആയാലും ആദ്യ ഇന്നിംഗ്സിൽ നേടിയ ഒരു റൺസ് ലീഡിൽ കേരളത്തിന് സെമിയിൽ കടക്കാം.
അതിനിടെ മത്സരം വിജയിക്കാനുള്ള ശക്തമായ ശ്രമത്തിലാണ് ജമ്മു കശ്മീർ. മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന ജമ്മു കശ്മീർ മൂന്ന് വിക്കറ്റിന് 180 റൺസെന്ന നിലയിലാണ്. 73 റൺസുമായി ക്യാപ്റ്റൻ പരാസ് ദോഗ്ര 42 റൺസുമായി കനയ്യ വാധ്വാൻ എന്നിവരാണ് ക്രീസിലുള്ളത്. കേരളത്തിനായി എം ഡി നിധീഷ് രണ്ട് വിക്കറ്റ് വീഴ്ത്തി.
Content Highlights: Jammu and Kashmir fights back against Kerala amid lose first innings lead