![search icon](https://www.reporterlive.com/assets/images/icons/search.png)
പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിൽ റെക്കോർഡുകൾ തിരുത്തിയെഴുതി കെയ്ൻ വില്യംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലാണ് ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസൺ തന്റെ പ്രതിഭയെ പുറത്തെടുത്തത്. 113 പന്തിൽ പുറത്താകാതെ 133 റൺസ് നേടിയ വില്യംസണിന്റെ മികവിൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ന്യൂസിലാൻഡ് ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിൽ കടന്നു. ദക്ഷിണാഫ്രിക്ക-പാകിസ്താൻ മത്സരത്തിലെ വിജയികൾ ഫൈനലിൽ കിവീസിനെ നേരിടും സ്കോർ ദക്ഷിണാഫ്രിക്ക 50 ഓവറിൽ ആറിന് 304, ന്യൂസിലാൻഡ് 48.4 ഓവറിൽ നാലിന് 308.
മത്സരത്തിൽ ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 7000 റൺസ് തികച്ച രണ്ടാമത്തെ താരമാകാൻ വില്യംസണ് കഴിഞ്ഞു. 159 ഇന്നിംഗ്സുകളിൽ നിന്നാണ് വില്യംസൺ ഈ നേട്ടത്തിലേക്കെത്തിയത്. 161 ഇന്നിംഗ്സുകളിൽ 7,000 റൺസെടുത്ത വിരാട് കോഹ്‍ലിയെയാണ് വില്യംസൺ മറികടന്നത്. 150 ഇന്നിംഗ്സുകളിൽ ഈ നേട്ടം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ മുൻ താരം ഹാഷിം അംലയാണ് ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 7,000 റൺസ് തികച്ച താരം.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ 72 പന്തിൽ വില്യംസൺ സെഞ്ച്വറിയിലെത്തി. ഏകദിന ക്രിക്കറ്റിൽ വില്യംസണിന്റെ വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയുമാണിത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ വില്യംസണിന്റെ 47-ാം സെഞ്ച്വറിയാണിത്. ഏകദിനത്തിൽ 14ഉം ടെസ്റ്റിൽ 33ഉം സെഞ്ച്വറികൾ വില്യംസണിന്റെ പേരിലായി.
Content Highlights: Kane Williamson's ton sets records, NZ into the finals