![search icon](https://www.reporterlive.com/assets/images/icons/search.png)
ഈ മാസം 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ ടീമിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കണമെങ്കിൽ രോഹിത് ശർമയും വിരാട് കോഹ്‍ലിയും ഫോമിലാകണമെന്ന് ശ്രീലങ്കൻ മുൻ താരം മുത്തയ്യ മുരളീധരൻ. ഇരുവരും ലോകോത്തര താരങ്ങളാണെന്നത് ശരിയാണ്. ഫോം താൽക്കാലികമാണെന്നും ക്ലാസ് ആണ് സ്ഥിരമെന്നും എല്ലാവരും പറയും. എങ്കിലും രോഹിത്തും കോഹ്‍ലിയും ഫോമിലേക്ക് ഉയരണം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ രോഹിത് ശർമ സെഞ്ച്വറി നേടി. അതുപോലെ കോഹ്‍ലിയും ഫോമിലേക്ക് ഉയരണം. ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ വിജയത്തിന് ഇരുവരുടെയും ഫോം നിർണായകമാണ്. മുത്തയ്യ മുരളീധരൻ പിടിഐയോട് പ്രതികരിച്ചു.
ചാംപ്യൻസ് ട്രോഫിയിൽ ഏഷ്യൻ ടീമുകൾക്കാണ് വിജയസാധ്യത കൂടുതലെന്നും മുരളീധരൻ പറഞ്ഞു. യു എ ഇയിലെയും പാകിസ്താനിലെയും പിച്ചുകൾ സ്പിന്നിനെ പിന്തുണയ്ക്കും. സ്പിന്നർമാർക്ക് ടൂർണമെന്റിൽ വലിയ സാധ്യതയുണ്ട്. ഏഷ്യൻ ടീമുകൾക്ക് മികച്ച സ്പിൻ നിരയുണ്ട്. മുരളീധരൻ വ്യക്തമാക്കി.
ഫെബ്രുവരി 19നാണ് ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമാകുക. ആതിഥേയരായ പാകിസ്താനും ന്യൂസിലാൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫെബ്രുവരി 20ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ന്യൂസിലാൻഡും പാകിസ്താനുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ മറ്റ് എതിരാളികൾ.
Content Highlights: Rohit and Virat form essential for India in Champions trophy says Muralidharan